800 സ്ഥാപനങ്ങൾ പരിശോധന
പരിശോധനയ്ക്ക് അയച്ചത് 77 ഭക്ഷ്യസാധനങ്ങൾ
കോഴിക്കോട് :നഗരത്തിലെ ക്രിസ്മസ് ന്യൂഇയർ വിപണിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വലിയ ന്യൂനതകൾ കണ്ടെത്തിയ പത്ത് സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിനും നോട്ടീസ് നൽകി. 77 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി അനലിറ്റിക്കൽ ലാബിലേക്ക് അയച്ചത്. ജില്ലയിൽ അഞ്ച് സ്ക്വാഡുകളായാണ് സംഘം പരിശോധന നടത്തുന്നത്.
ഇതുവരെ 800 സ്ഥാപനങ്ങൾ പരിശോധിച്ചു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 16 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നൽകി.
ക്രിസ്മസ് ന്യൂഇയർ വിപണിയിൽ കൂടുതൽ ആളുകൾ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങൾ, വൈൻ, ബിയർ മുതലായവയുടെ സാമ്പിളുകൾ പരിശോധിച്ച് ഗുണനിലവാര പരിശോധനക്ക് അയച്ചു. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. ഈ വർഷം പരിശോധനക്ക് അയച്ച 900 സാമ്പിളുകളിൽ 105 സാമ്പിളുകൾ സുരക്ഷിതമല്ല എന്ന റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 70 സാമ്പിളുകൾ നിലവാരമില്ലാത്തതും ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ കോടതിയിൽ അഡ്ജൂഡിക്കേഷൻ കേസ് രെജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ സക്കീർഹുസൈൻ അറിയിച്ചു.
@ കൃത്രിമ നിറവും വില്ലൻ
പരിശോധനയിൽ ചില ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളായ മന്തി, ഷവായ, അൽ ഫഹം എന്നിവയിൽ കൃതൃമ നിറം ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ ഇത്തരം 30 റിപ്പോർട്ടുകളാണ് ലഭിച്ചത്. ഇതിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ചിക്കൻ വിഭവങ്ങളിൽ കൃതൃമ നിറം ചേർക്കുന്നത് നിയമ വിരുദ്ധവും മൂന്ന് മാസം തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.ചിക്കൻ വിഭവങ്ങളിൾ കൃതൃമ നിറം ചേർക്കുന്നെന്ന വിവരത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് മേധാവി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഇന്നലെസംസ്ഥാനത്ത് ആകെ 40 സ്‌ക്വാഡുകളായി പരിശോധന നടത്തിയതിന്റെ ഭാഗമായാണ് കോഴിക്കോട്ടും പരിശോധനകൾ നടന്നത്.