@സെെബർ കേസുകൾ
2022 ൽ
കേസുകളുടെ എണ്ണം- 1594
രജിസ്റ്റർ ചെയ്തത്- 17
- 2023 ൽ
1862
രജിസ്റ്റർ ചെയ്തത്- 34
കോഴിക്കോട് : ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഉണ്ടായത് വൻവർധനവ്. ഈ വർഷം ഇതുവരെ ജില്ലയിൽ 1862 പരാതികൾ ലഭിച്ചതെന്നാണ് പൊലീസ് കണക്കുകൾ. ഇതിൽ 34 കേസുകൾ രജിസ്റ്റർ ചെയ്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സൈബർ കേസുകളുടെ എണ്ണം 1594 ആയിരുന്നു. 17 കേസുകൾ രെജിസ്റ്റർ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വർഷത്തേക്കാൾ 268 പരാതികൾ ഇത്തവണ കൂടുതലായി ലഭിച്ചു. ലഭിച്ച പരാതികളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഇത്തവണയും കൂടുതലുള്ളത്. സംസ്ഥാനത്താദ്യമായി ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളിൽ തെറ്റ് ധരിപ്പിച്ച് പണം തട്ടിയ കേസും ഇത്തവണ കോഴിക്കോടാണ് റിപ്പോർട്ട് ചെയ്തത്. 40000 രൂപയാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള സംഘം കോഴിക്കോട് സ്വദേശിയിൽ നിന്നും തട്ടിയത്. ഒ.ടി.പി, എസ്.എം.എസ്, യൂസ്ഡ് സാധനങ്ങൾ വിൽപ്പനയ്ക്ക വെക്കുന്ന ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സ്, ലോൺ ആപ്പുകൾ, പോസ്റ്റൽ പാഴ്സലുകൾ എന്നിവയിലൂടെയുള്ള തട്ടിപ്പുകളും ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. പരാതികൾ ലഭിക്കാത്ത കേസുകൾ കൂടെ കണക്കാക്കിയാൽ ജില്ലയിലെ കേസുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. സമൂഹ മാധ്യമങ്ങളിലൂടെ കോഴിക്കോട് സിറ്റി പൊലീസിന് തന്നെ ഈ വർഷം നിരവധി തവണ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിയും വന്നു.
മാനഹാനി ഭയന്ന് പലരും പരാതി നൽകാതിരിക്കുന്നത് തട്ടിപ്പുക്കാർക്ക് ഗുണമാവുകയാണെന്ന് പൊലീസ് പറഞ്ഞു. സൈബർ കുുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ ദിനംപ്രതി വർധിച്ചതോടെ ഈ വർഷം മുതൽ എല്ലാ സ്റ്റേഷനുകളിലും സൈബർ കേസുകൾ രജിസ്റ്റർ ചെയ്യാനും തുടങ്ങി. നിലവിൽ സൈബർ കേസുകൾ പൊലീസ് സ്റ്റേഷനുകളിൽ എത്തിയാൽ സൈബർ സ്റ്റേഷനിലേക്കോ സൈബർ സെല്ലിലേക്കോ കൈമാറുകയാണ് പതിവ്. പിന്നീട് സൈബർസെൽ ആവും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുക. പിന്നീട് ലഭിക്കുന്ന വിവരങ്ങൾ ലോക്കൽ പൊലീസിന് കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി.
@ ഡാറ്റ മോഷണം.ലോജിക് അറ്റാക്ക് ഇവയെല്ലാം സെെബർ കേസുകൾ
കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ് വർക്കുകളിലേക്കും അനധികൃതമായി കടന്നു കയറൽ, ഹാക്കിങ്, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മോഷണം, വൈറസ് അറ്റാക്ക്, ലോജിക് അറ്റാക്ക്, ഇന്റർനെറ്റ് ടൈം മോഷണം എന്നിവയെല്ലാം സൈബർ ക്രൈമുകളിൽ ഉൾപ്പെടും. സോഷ്യൽ മീഡിയ ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, മൊബൈൽ ഫോണുകളുടെ നഷ്ടം/മോഷണം, തുടങ്ങി കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരിക. മറ്റു കേസുകൾ അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നതിനെക്കാൾ ശ്രമകരമാണ് സൈബർ കുറ്റവാളികളെ പിടികൂടാൻ. പ്രതികൾ പലരും ഇതരസംസ്ഥാനത്തു നിന്നും വിദേശത്തിരുന്നും വ്യാജ ഐ.പി അഡ്രസുകൾ ഉപോയോഗിച്ചാണ് ഡിവൈസുകൾ നിയന്ത്രിക്കുന്നത്.
@പരാതി അറിയിക്കാം
തട്ടിപ്പിനിരയായി സാമ്പത്തിക നഷ്ടം സമഭവിച്ചവരോ മറ്റ് പരാതികളുള്ളവരോ 9497980900 എന്ന വാട്സാപ്പ് നമ്പറിലോ 1930 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.