p

കോഴിക്കോട് മെഡിക്കൽകോളജിൽ 2017 നവംബർ 30ന് പ്രസവശസ്ത്രക്രിയാനന്തരം ഹർഷീന എന്ന യുവതിയുടെ വയറ് തുന്നിക്കെട്ടിയപ്പോൾ അതിലൊരു കത്രിക കൂടി ഉണ്ടായിരുന്നു. (ആർട്ടറി ഫോർസെപ്‌സ്). കൊടിയ അപരാധം. അഞ്ചുവർഷം അതും വയറ്റിലിട്ട് നടന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമായ ഹർഷീനയുടെ ദുരിത കഥ മലയാളികൾക്ക് പരിചിതമാണ്. നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള സമരങ്ങൾക്ക് ഇനിയും പരിഹാരമാകാതിരിക്കെ ഹർഷീന കേരളകൗമുദിയോട് സംസാരിച്ചു.

?കുറ്റപത്രം സമർപ്പിച്ചല്ലോ, ഇനിയും സമരം തുടരുമോ

സമരസമിതിയുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നുവന്ന പ്രക്ഷോഭങ്ങളുടെ അനന്തരഫലാണ് പൊലീസിൽ നിന്നുള്ള നീതി. മെഡിക്കൽകോളേജ് അസി. കമ്മിഷണർ കെ.സുദർശൻ നിഷ്പക്ഷമായി അന്വേഷിച്ചപ്പോഴാണ് പ്രതികളെ കണ്ടെത്താനായത്. അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചതോടെ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചു. ആശ്വാസമുണ്ട്.

?ആരോഗ്യമന്ത്രി തുടക്കംമുതൽ നൽകിയ പിന്തുണ വാക്കിലൊതുങ്ങിയോ

ആദ്യ സമരം തുടങ്ങിയപ്പോഴാണ് പ്രതീക്ഷിക്കാതെ മന്ത്രി വീണാ ജോർജ് സമരപന്തലിലെത്തിയത്. അവർ കെട്ടിപ്പിടിച്ചു, നെറുകയിൽ ഉമ്മവച്ചു. സഹോദരിയാണെന്ന് പറഞ്ഞു. ഇതിനുശേഷം മൂന്ന് അന്വേഷണം നടന്നു. മാസങ്ങൾ കടന്നുപോയതല്ലാതെ ഒന്നും സംഭവിച്ചില്ല.

?സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം നഷ്ടപരിഹാരം വാങ്ങാമായിരുന്നില്ലേ

എന്തിനാണ് രണ്ടുലക്ഷം. ഞങ്ങൾ താമസിക്കുന്ന പന്തീരാങ്കാവിലെ ഭർത്താവിന്റെ വീടുപോലും പണയത്തിലാണ്. ഒരു തരി പൊന്നുപോലും വീട്ടിലില്ല. എല്ലാം ചികിത്സയ്ക്കായി വിറ്റു. ഭർത്താവിന്റെ ജോലിപോലും സമരത്തിന് പിന്നാലെ നടന്നതിനാൽ ഇല്ലാതായി. പട്ടിണിയിലാണ്. ലക്ഷങ്ങളാണ് ചികിത്സയ്ക്കായി ചെലവായത്. നഷ്ടപ്പെട്ട വർഷങ്ങളും ഒരുപാട്. കണ്ണൂർ സെൻട്രൽ ജയിലിൽ കൊല്ലപ്പെട്ട തടവുകാരന്റെ കുടുംബത്തിന് 20 ലക്ഷം കൊടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. എന്നിട്ടാണ് മൂന്നു കുട്ടികളുടെ മാതാവിന്റെ ഗതികേട് കാണാതിരിക്കുന്നത്.

?നീതി തേടി ഹൈക്കോടതിയിലേക്കാണോ

കുറ്റപത്രം നൽകി. ഇനി അടുത്ത ഘട്ടം നഷ്ടപരിഹാരമാണ്. നേരത്തെ ആവശ്യപ്പെട്ടത് 50 ലക്ഷമായിരുന്നു. സമരസമിതി യോഗം ചേർന്ന് കോടതിയിലേക്ക് പോവുമ്പോൾ ഒരുകോടി ആവശ്യപ്പെടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെ. സർക്കാരിൽ നിന്നു നീതികിട്ടുമെന്ന് പ്രതീക്ഷയില്ല. ഇതുവരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വന്നതിൽ എല്ലാപാർട്ടിക്കാരുമുണ്ട്. കൂടുതലും കമ്മ്യൂണിസ്റ്റുകാരാണെന്നും നന്ദിപൂർവം സ്മരിക്കുന്നു.