അനുവദിച്ച തുക
@മാനാഞ്ചിറ 1 കോടി
സരോവരം- 2 കോടി
കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയർ കൂടുതൽ സൗന്ദര്യവത്കരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി വിനോദ സഞ്ചാര വകുപ്പ് ആദ്യഘട്ട നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. കളക്ടറേറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നഗരത്തിലെ കൂടുതൽ ഇടങ്ങളെ സൗന്ദര്യവത്കരിക്കും.അതിന്റെ ഭാഗമായി സരോവരം മികവുറ്റ നിലയിൽ മാറ്റിത്തീർക്കും. സരോവരം നവീകരണത്തിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രവർത്തന രഹിതമായി കിടക്കുന്ന പാർക്കുകൾ ഉൾപ്പടെ പ്രവർത്തന ക്ഷമമാക്കാൻ നടപടി സ്വീകരിക്കും. പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15 ന് ഫറൂക്കിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പറന്നെത്താം
ഹെലി ടൂറിസം പദ്ധതി ഒരുങ്ങുന്നു
പുറമെ നിന്നും കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ വേഗത്തിൽ എത്തിപ്പെടാനായി ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഹെലികോപ്റ്റർ ഓപ്പറേറ്റർ ഏജൻസികളുമായി ചർച്ച നടത്തി ഏകോപനം നിർവഹിക്കും. നിലവിലുള്ള ഹെലിപ്പാഡുകൾ കോർത്തിണക്കിയുള്ള സർവ്വീസുകൾ വിഭാവനം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട ഏജൻസികളുടെ ഉത്തരവാദിത്വമായിരിക്കും. സേവനദാതാക്കൾക്ക് ഉപഭോക്താക്കളിലേക്ക് എത്താനുള്ള എല്ലാ നിലയിലുമുള്ള സൗകര്യങ്ങളുമാണ് ടൂറിസം വകുപ്പ് ഒരുക്കുക.
ഹെലികോപ്റ്റർ ഓപ്പറേറ്റർമാരുടെ പാക്കേജുകൾ, ട്രിപ്പുകൾ അതിന്റെ വിശദാംശങ്ങൾ, ബുക്കിംഗ് ഉൾപ്പടെ കാര്യങ്ങൾ ടൂറിസം വകുപ്പ് മുൻക്കൈയ്യെടുത്ത് നടപ്പാക്കും. ഇതിന് ഓപ്പറേറ്റർമാരുമായി ധാരാണാ പത്രത്തിൽ ഒപ്പുവെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.