1
1

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണം ആരംഭിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റോഡ് വികസനത്തിനായി അനുമതി ലഭിച്ച കെട്ടിടങ്ങളും സംരക്ഷണ ഭിത്തികളും വേഗത്തിൽ പൊളിച്ചു മാറ്റുമെന്നും പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നതായും അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മാവൂർ റോഡിലെ അശോക ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഒരാഴ്ച്ചക്കുള്ളിൽ പൊളിച്ചു മാറ്റുമെന്നും എൻജിനീയർ അറിയിച്ചു.

നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ മാനാഞ്ചിറ എൽ.ഐ.സി ഭാഗത്തെ റോഡിലെ കുണ്ടും കുഴികളും അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനുവരി പത്തിനുള്ളിൽ പ്രവൃത്തി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ മറുപടി നൽകി. ഗ്രീൻഫീൽഡ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂ ഉടമകൾക്ക് പണം ലഭ്യമാകാത്ത പ്രശ്‌നം മന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ജനുവരി മാസത്തോടെ പരിഹാരം കാണുമെന്നും പുനർ നിർണ്ണയ നടപടികൾ ഉൾപ്പടെ സ്വീകരിച്ച് ഉത്തരവ് ഇറക്കുമെന്നും ജില്ലാ കലക്ടർ മറുപടി നൽകി.

ജില്ലയിലെ ഡിജിറ്റൽ സർവ്വേ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നൽകി.
ഗ്രാമീണ റൂട്ടുകളിൽ ഉൾപ്പടെ ബസുകൾക്ക് പെർമിറ്റ് നിരസിക്കുന്ന വിഷയം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ചൂണ്ടിക്കാട്ടി. ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസിന് പെർമിഷൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലുശ്ശേരി ബൈപ്പാസ് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് അടുത്ത വികസന സമിതി യോഗത്തിൽ നൽകണമെന്ന് കെ.എം സച്ചിൻദേവ് എം.എൽ.എ ആവശ്യപ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ മണ്ണ് നീക്കം ചെയ്യുന്നത് എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും കട്ടിപ്പാറ പഞ്ചായത്തിലെ അറവു മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ഉടമകളിൽ നിന്ന് പ്രവർത്തിക്കുന്നതിന്റെ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സച്ചിൻദേവ് ചൂണ്ടിക്കാട്ടി.

ജില്ലയിൽ നിപ സ്ഥിരീകരിച്ചപ്പോൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയ സമയത്ത് താത്കാലിക ജീവനക്കാരായ അദ്ധ്യാപകർക്ക് ശമ്പളം കിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം യോഗം വിലയിരുത്തി.

നവ കേരള സദസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതികളിൽ ഇനിയും പൂർത്തിയാക്കാത്തവ അടിയന്തര പ്രാധാന്യത്തോടുകൂടി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് കലക്ടർ നിർദ്ദേശിച്ചു.

യോഗത്തിൽ എം.എൽ.എമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, കെ.എം സച്ചിൻദേവ്, കെ കെ രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.