തിരുവമ്പാടി : പുന്നക്കൽ ഉറുമിയിൽ കാട്ടുപന്നികൾ തെങ്ങിൻ തൈകൾ നശിപ്പിച്ചു. വെള്ളാംകോട് പി.വി. അബുവിന്റെ മൂന്ന് വർഷത്തിലധികം പ്രായമുള്ള തെങ്ങിൻ തൈകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം അവിടെ അഞ്ചു കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. എന്നിട്ടും ശല്യത്തിന് കുറവില്ല. കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം വ്യാപകമാണ്. തിരുവമ്പാടി ഒറ്റപ്പൊയിലിൽ രണ്ടു പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. പുല്ലൂരാംപാറ ജോയി റോഡിലും കാട്ടുപന്നികൾ തെങ്ങുകൾ നശിപ്പിച്ചിരുന്നു. തെങ്ങ് മാത്രമല്ല വാഴകളും കമുകിൻ തൈകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. തിരുവമ്പാടി കല്ലുവെട്ടത്ത് പൊന്നമ്മയുടെ 300 ഓളം കമുകിൻ തൈകളാണ് നശിപ്പിക്കപ്പെട്ടത്. അധികൃതരുടെ ഭാഗത്തു നിന്നും ശാശ്വതമായി യാതൊരു നടപടിയും ഉണ്ടാവുന്നില്ല. നഷ്ടപരിഹാരത്തിന് കർഷകർക്കവകാശമുണ്ടെങ്കിലും ആ വകയിൽ നാളിതുവരെ ഒന്നും ലഭിച്ചിട്ടില്ല. വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുകയോ നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നുത്.