കോഴിക്കോട്: പുതുപ്രതീക്ഷകളുമായെത്തിയ 2024നെ ആഘോഷപ്രഭയിൽ വരവേറ്റ് കോഴിക്കോട് നഗരം.
സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആടിയും പാടിയും അർദ്ധരാത്രിയിൽ ആളുകളെല്ലാം പുതുവർഷത്തെ വരവേൽക്കുന്ന കാഴ്ചയായിരുന്നു എങ്ങും. നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായി ബീച്ചിൽ ഇത്തവണ രാത്രി വൈകിയും പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടിയത് പതിനായിരക്കണക്കിന് ആളുകൾ. കഴിഞ്ഞ തവണ
യും പുതുവർഷത്തെ വരവേൽക്കാൻ നഗരത്തിൽ തിരക്കുണ്ടായിരുന്നെങ്കിലും ഇത്തവണ എത്തിയത് അതിലുമിരട്ടി ആളുകൾ.
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടങ്ങി നിപയെയും കൊവിഡിനെയും അതിജീവിച്ച്
ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ അവസാനിക്കുന്നതാണ് കോഴിക്കോടിന്റെ 2023. ആരോഗ്യ, പൊതുമരാമത്ത്, ടൂറിസം
മേഖലയിലും ജില്ല 2023ൽ കുതിച്ചു. സാഹിത്യനഗരം, സുരക്ഷിത നഗരം തുടങ്ങിയ പദവികളും 2023ൽ കോഴിക്കോടിനെ തേടിയെത്തി. സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ കോഴിക്കോട്ടേക്കെത്തിയ സംഭവങ്ങളും 2023 ൽ കോഴിക്കോട്ടുണ്ടായി. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് പേരാമ്പ്രയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതും സംസ്ഥാനത്താദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോകോളിലൂടെ പണം തട്ടിയതും മരുതോങ്കരയിലെ കൊവിഡ് ബാധയുമെല്ലാം ഇതിൽ ചിലതു മാത്രം.
പന്തീരാങ്കാവ് സ്വദേശിനി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് പൊലീസ് ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകിയതും ഈ വർഷമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റു ചെയ്തതും അദ്ദേഹം ജാമ്യത്തിന് ശ്രമിക്കാതിരുന്നതുമായിരുന്നു മറ്റൊരു സംഭവം. ഒരു കാലത്ത് കേരളത്തിലെ മാപ്പിളപ്പാട്ട് സദസുകളെ ഇളക്കിമറിച്ചിരുന്ന ഗായിക വിളയിൽ ഫസീല വിടവാങ്ങിയതും 2023ൽ തന്നെ. കേരളത്തിൽ വീണ്ടും നിപ ബാധയുണ്ടായതും ഇത്തവണ കോഴിക്കോട്ടായിരുന്നു. രണ്ടു പേർ മരിച്ചു. നിപയെ തുടർന്ന് ആധുനിക ബി.എസ്.എൽ ലെവൽ 3 വൈറോളജി ലാബിന്റെ അപര്യാപ്ത പരിഹരിക്കാൻ പൂനെ വൈറോളജി ലാബിന്റെ മൊബൈൽ യൂണിറ്റും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയതും വലിയ വാർത്തയായിരുന്നു. കോഴിക്കോടിന്റെയും കേരളത്തിന്റെയാകെയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യങ്ങളായിരുന്ന അനവധി കോഴിക്കോട്ടുകാർ 2023ൽ വിട പറയുകയും ചെയ്തു.
പരിസ്ഥിതി പ്രവർത്തകൻ പ്രഫ, ശോഭീന്ദ്രൻ, വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ പി.വി ഗംഗാധരൻ എന്നിവർ ഇവരിൽ ചിലർ മാത്രം. പാഠങ്ങളും പരിശീലനങ്ങളും ഏറെ നൽകിയാണ് 2023 വിടവാങ്ങിയത്. ഇന്നലെ കോഴിക്കോട് ബീച്ചിൽ ആ തിരിച്ചറിവുകളോടെയാണ് ഓരോ മനുഷ്യരും പുതുവത്സരത്തെ വരവേറ്റത്. അങ്ങനെ പടക്കം പൊട്ടിച്ചും പാട്ടുപാടിയുമെല്ലാം ബീച്ചിൽ പുതുവർഷമാഘോഷമാക്കാൻ എത്തിയവരിൽ പ്രായമായവർ മുതൽ യുവാക്കൾ വരെയുണ്ടായിരുന്നു. ഏറെ വൈകിയും ആഘോഷാരവങ്ങൾ തിരകൾക്കൊപ്പം ഉയരത്തിൽ ഉയർന്നു. ഗ്രാമങ്ങളിലും വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും യുവാക്കളുടെയും നേതൃത്വത്തിലും ആഘോഷങ്ങൾ സംഘടിപ്പിച്ചു. നഗരത്തിലെ ആഘോഷങ്ങൾക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കോഴിക്കോട് സിറ്റി പൊലീസും ജാഗ്രത ഉറപ്പാക്കി. വൈകീട്ട് മൂന്നിന് ശേഷം ബീച്ചിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലാ അതിർത്തികളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബീച്ചിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം ഇത്തവണയാണ് നഗരത്തിൽ പുതുവത്സരത്തെ വരവേൽക്കാൻ ഇത്രയേറെ ആളുകൾ എത്തിയത്. രാത്രി 12 കഴിഞ്ഞിട്ടും ബീച്ചിലും നഗരത്തിലും ആളും തിരക്കുമൊഴിഞ്ഞിരുന്നില്ല. നഗരത്തിലെ പ്രധാന ഹോട്ടലുകളിലും പുതുവർഷാഘോഷങ്ങൾ പൊടിപൊടിച്ചു. നൃത്ത സംഗീത പരിപാടികളും ഡി.ജെ പാർട്ടികളും ഹോട്ടലുകളിൽ ഒരുക്കിയിരുന്നു. സൗഹൃദകൂട്ടായ്മകളുടെ തിരക്കായിരുന്നു ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലും. നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും പുതുവത്സരത്തെ വരവേൽക്കാൻ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. നാട്ടിൻ പുറങ്ങളിൽ യുവാക്കളുടെയും ക്ലബുകളുടെയും നേതൃത്വത്തിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.