news
പശുക്കടവ് പ്രിക്കൻ തോട് ഭാഗത്ത് കപ്പയുടെ ചുവട് മുള്ളൻപന്നി മാന്തിയ നിലയിൽ

കുറ്റ്യാടി: മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ കർഷകർ പ്രതിന്ധിയിൽ . കാവിലുംപാറ,​ മരുതോങ്കര പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ് . കുരങ്ങ്, കാട്ടുപന്നി, മലയണ്ണാൻ, മുള്ളൻപന്നി തുടങ്ങിയവയാണ് വിളകൾ നശിപ്പിക്കുന്നത്. മീൻ പറ്റി , പാമ്പും കോട്, വട്ടിപ്പന, മുറ്റത്ത് പ്ലാവ്, പൊയിലോംചാൽ, ചൂരണി, കരിങ്ങാട് എന്നീ പ്രദേശങ്ങളാണ് ശല്യം രൂക്ഷം. കുരങ്ങ് ശല്യം കാരണം തോട്ടങ്ങളിൽ നിന്ന് വിളവെടുക്കാനാവാത്ത അവസ്ഥയാണ്. കരിക്കാവുമ്പോഴും ഒറ്റയ്ക്കും കൂട്ടവുമായെത്തുന്ന കുരങ്ങുകൾ കരിക്കുകൾ പറിച്ച് നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. മൂത്ത തേങ്ങ ലക്ഷ്യമാക്കി മലയണ്ണാനും എന്നുന്നതോടെ തെങ്ങിൽ നിന്നുള്ള വരുമാനം നിലച്ച സ്ഥിതിയാണ്. കാട്ടുപന്നിശല്യവും രൂക്ഷമായ ഇവിടെ,​ കപ്പ , ചേമ്പ്, ചേന തുടങ്ങിയ വിളകളെല്ലാം പന്നികൾ നശിപ്പിക്കുന്നുണ്ട്. മലയോരത്ത് സ്വകാര്യ തോട്ടങ്ങളിലെ കുറ്റിക്കാടുകളിൽ ഇവ താവളമാക്കുന്നുണ്ട്.

കാട്ടുപന്നികളെ കൊല്ലാൻ തോക്ക് ലൈസൻസ് ലഭിച്ച ആരും ഇവിടെയില്ല.കാവിലും പാറ, ഇവയെ പ്രതിരോധിക്കാൻ തോക്കിന് അപേക്ഷിച്ചാൽ ലൈസൻസ് കിട്ടാൻ പ്രയാസമാണെന്നും കൃഷിഭൂമികൾ കാട് കയറുന്നുവെന്നും കർഷകർ പറയുന്നു. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ കൃഷി ഭൂമികൾ കുറഞ്ഞ വിലയ്ക്ക് കർഷകർ വിൽക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോൾ. വാങ്ങുന്നവർ ഇത് പരിപാലിക്കാനാവാതെ കാട് പരടിക്കുകയാണ്. കാട്ടുപന്നികളുൾപ്പെടെയുള്ള മൃഗങ്ങൾക്ക് താവളമാകുന്നുണ്ട്. വട്ടിപ്പന ഭാഗത്ത്അഞ്ച് വർഷത്തിനിടെ നാൽപതിലേറെ കുടുംബങ്ങൾ കൃഷി ഉപേക്ഷിച്ച് സ്ഥലം വിറ്റ് പോയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യമുള്ള മറ്റ് പ്രദേശങ്ങളിലും ഇതേ അവസ്ഥയിലാണ്. കൃഷിയിൽ നിന്നും വരുമില്ലാത്ത അവസ്ഥയിലാണ് കർഷകർ.

സോളാർ ഫെൻസിംങ് നടപ്പിലാക്കും 'വൺ പഞ്ചായത്ത് വൺ ഐഡിയ' എന്ന പദ്ധതിയിൽ കാവിലും പാറ പഞ്ചായത്ത് 'കൃഷിയും വന്യമൃഗശല്യവും' എന്ന വിഷയവുമായി ബന്ധപ്പെട്ട് സോളാർ ഫെൻസിംഗ് നടപ്പാക്കും. കരിങ്ങാട്, ചൂരണി, പൊയ്ലോം ചാൽ ഭാഗങ്ങളിൽ നബാർഡ് സഹായത്തോടെ സോളാർ ഫെൻസിംഗ് നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. കൃഷി നാശം വരുത്തുന്ന കുരങ്ങുകളെ വെടിവയ്ക്കാൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനായി സംസ്ഥാന സർക്കാർ ഇടപെടണം. വന്യമൃഗശല്യത്തിനെതിരെ കർഷകരുടെ കൂട്ടായ്മ ശക്തിപ്പെടണം. പി.ജി. ജോർജ് (കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ്)