comfort-st

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിർമ്മിച്ച ശൗചാലയം പൊതുജനങ്ങൾക്ക് ഇനിയെങ്കിലും തുറന്നു കൊടുത്തുകൂടേ ?. മിനി സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും മറ്റും പൊതുവായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പുറത്ത് ശൗചാലയം പണിതത്. ലക്ഷങ്ങൾ മുടക്കി പണിതീർത്ത ആധുനിക രീതിയിലുള്ള കെട്ടിടം ആർക്കും പ്രയോജനമില്ലാതെ വെറുതെ കിടക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിൽ വന്നു പോകുന്നത്. മിനി സിവിൽ സ്റ്റേഷന്റെ പിൻഭാഗത്ത് പമ്പ് ഹൗസിനോട് ചേർന്നാണ് ശൗചാലയം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ നാലു വശവും കാടുമൂടിയ നിലയിലാണ്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം. പിന്നീട് ഇത് പരിഹരിക്കപ്പെട്ടെങ്കിലും ശൗചാലയം തുറന്ന് കൊടുത്തിട്ടില്ല. കെട്ടിടത്തിന്റെ പരിസരത്തെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

സിവിൽ സ്‌റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളോടും ചേർന്ന് ശൗചാലയങ്ങൾ ഉണ്ടെങ്കിലും ഇവയിൽ മിക്കതും വൃത്തിഹീനമാണെന്ന് ആക്ഷേപമുണ്ട്. ദുർഗന്ധംമൂലം അകത്തുകയറാൻപോലും പറ്റാത്ത സ്ഥിതിയുണ്ടത്രേ. വെള്ളം ഇല്ലെന്ന പരാതിയും ഉണ്ട്. ശൗചാലയങ്ങളുടെ ശുചിത്വവും മറ്റും നോക്കാൻ ഉത്തരവാദപ്പെട്ടവരില്ല എന്നതാണ് പ്രധാനപ്രശ്‌നം.

.