
തലയോലപ്പറമ്പ്: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെയും സ്മരണയ്ക്കായി കോളേജ് അങ്കണത്തിൽ മഹാത്മഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് പൂർവ വിദ്യാർഥികൾ. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന അലുംനി അസോസിയേഷൻ ഫോർ റണ്ണേഴ്‌സിന്റെ നേതൃത്വത്തിലാണ് കൃഷ്ണശിലയിൽ നിർമ്മിച്ചിട്ടുള്ള ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും പൂർവ്വവിദ്യാർത്ഥിയുമായ അഡ്വ. ജോർജ്ജ് പൂന്തോട്ടം അനാശ്ചാദന കർമ്മം നിർവ്വഹിച്ചു. ഫോർ റണ്ണേഴ്‌സ് പ്രസിഡന്റ് ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ആർ.അനിത മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സന്തോഷ്.വി.സി, അഡ്വ.കെ.ജി.രാജേഷ് കുമാർ, ബിനു ചിത്രംപള്ളിൽ, ഡോ.ബി പത്മനാഭപിള്ള, ആശ.ജി. മോനോൻ, മോഹൻ ഡി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കോളേജിൽ പൂർവ്വ വിദ്യാർഥികൾ സ്ഥാപിക്കുന്ന ലൈബ്രറിയിലേക്ക് വൈക്കം സത്യഗ്രഹ സമര ചരിത്രത്തിന്റെ പുസ്തകങ്ങൾ ജോർജ്ജ് പൂന്തോട്ടം സംഭാവന ചെയ്തു.