wedding

കോട്ടയം : കുമരകം കാട്ടിക്കൊടുത്ത ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേരളമേറ്റെടുത്തതോടെ ഉത്തരവാദിത്വ ടൂറിസവമായി ചേർന്ന് നവീന ആശയങ്ങൾ കുമരകത്ത് നടപ്പാക്കാൻ ടൂറിസം വകുപ്പ്. വിവാഹം ടൂറിസം മേഖലയ്ക്ക് കൂടി കരുത്തുപകരും വിധം കുമരകത്ത് ആരംഭിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് ആരംഭിച്ചത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് മേഖലയിൽ കൂടുതൽ കരുത്ത് പകരുന്നതിനൊപ്പം തദ്ദേശീയരെക്കൂടി പങ്കാളികളാക്കുകയാണ് ലക്ഷ്യം. കുറച്ചാളുകളെ മാത്രം പങ്കാളികളാക്കി ഹൗസ് ബോട്ടുകളിലും റിസോർട്ടുകളിലുമായി കുമരകത്ത് വർഷങ്ങളായി വിവാഹം നടക്കുന്നുണ്ട്. വിദേശികളും ഉത്തരേന്ത്യക്കാരും കല്യാണം കഴിക്കാൻ കുമരകം ഇഷ്ട ലൊക്കേഷനായി തിരഞ്ഞെടുത്തു. കായൽക്കാറ്റിന്റെ കുളിരിൽ താലിചാർത്തുന്നത് തരംഗമായി. വിവാഹത്തിന് ആളുകളുടെ എണ്ണം കുറച്ചതും കരുത്തേകി. കൊവിഡ് കാലത്ത് ഡെസ്റ്റിനേഷൻ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. വലിയ കല്യാണത്തിന് കോടികൾ ചെലവുവരും. ധാരാളം മുറികളുള്ള ഹോട്ടൽ, ഔട്ട്‌ഡോർ സൗകര്യം, പ്രകൃതി ഭംഗി എന്നിവ നോക്കിയാണ് ഹോട്ടലുകൾ തിരഞ്ഞെടുക്കുക.

 ബുക്ക് ചെയ്ത് വിദേശികൾ

ടൂറിസം സീസണായതോടെ ഉത്തരേന്ത്യയിൽ നിന്നുള്ളവർ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കുമരകം ബുക്ക് ചെയ്ത് തുടങ്ങി. കെ.ടിഡി.സിയുടെ വാട്ടർസ്‌കേപ് റിസോർട്ട് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വിവാഹങ്ങൾ നടന്നു. ഡിസംബർ ജനുവരി മാസങ്ങളിലായി 50 കല്യാണങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 9,10 തീയതികളിൽ വിദേശികളുടെ വിവാഹമുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി ഹോട്ടലുകളിലും റിസോർട്ടുകളും ആധുനിക ഓഡിറ്റോറിയങ്ങൾ സജ്ജീകരിക്കുകയാണ്. ജി 20 ഷെർപ്പ യോഗത്തിനായി കെ.ടി.ഡി.സിയിൽ പണിത ഓഡിറ്റോറിയം ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനാണ് ഇപ്പോൾ നൽകുന്നത്.

കല്യാണത്തിന് വേണ്ട പൂക്കൾ പ്രാദേശികമായി എത്തിക്കും

 വിവാഹത്തിനായി പച്ചക്കറിയും മീനും ഉൾപ്പെടെ തദ്ദേശീയർ സംഘടിപ്പിക്കും

 ആഘോഷങ്ങൾക്ക് മിഴിവേകാൻ നാടൻ കലാരൂപങ്ങൾ

 ഹണിമൂൺ പാക്കേജ്, ഗ്രാമഭംഗി കണ്ട് മടങ്ങാൻ അവസരം