sg

പാലാ : കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളിൽ പലതും കേരളത്തിലെ ജനങ്ങൾ അറിയാതെ പോയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും കൃത്യവിലോപമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ജില്ലാതല ഉദ്ഘാടനം മുത്തോലിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ യശ്ശസ് ഉയർത്താൻ പൗരന്റെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾക്കാണ് തുടക്കമിട്ടത്. മിക്ക സംസ്ഥാനങ്ങളും ഈ പദ്ധതികളേറ്റെടുത്ത് അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചു. കേരളത്തിൽ എത്രപേർക്ക് കിട്ടിയെന്ന കണക്കെടുത്താൽ കേരളം തലകുനിക്കേണ്ടിവരും. ഉദ്യോഗസ്ഥരും സർക്കാരും അവരുടെ ദുഷ് പ്രവൃത്തികൊണ്ട് അവയ്ക്ക് പ്രധാന്യം നല്കാതെ പോയപ്പോൾ ജനങ്ങൾക്ക് അവയുടെ ഗുണഫലം ലഭിക്കാതെ പോയി. ഇത് കൊടിയ ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുരസ്‌കാരം നൽകും

പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന, കൂടുതൽ ആളുകളെ പദ്ധതികളിൽ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകർക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരിൽ അവാർഡ് പ്രഖ്യാപിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ജില്ലകൾക്ക് 50000, 30000, 20000 എന്ന ക്രമത്തിൽ അവാർഡ് തുക നല്കും.