ayurveda

പാലാ: ''കുട്ടികളുടെ ശാഠ്യവും ശല്യവുമൊഴിവാക്കാൻ ഏത് സമയവും മൊബൈൽ ഫോൺ കൊടുക്കുന്ന മാതാപിതാക്കൾ ജാഗ്രതൈ; നിങ്ങൾക്ക് പിന്നീട് ദുഃഖിക്കേണ്ടിവരും. മൊബൈൽ ഫോണിന് അടിമപ്പെട്ട കുട്ടികളെ നേർവഴിക്ക് കൊണ്ടുവരാൻ ഏറെ പരിശ്രമിക്കേണ്ടി വരും''- ചൂണ്ടിക്കാണിക്കുകയാണ് കോട്ടയം ജില്ലയിലെ ആയൂർവേദ ഡോക്ടർമാർ.

ജില്ലയിലെ നിരവധി സ്‌കൂളുകളിൽ ''യുവമിത്രം'' എന്ന പേരിൽ കൗമാരക്കാർക്ക് കരുത്തും കരുതലും പകരുന്ന വലിയ ദൗത്യവുമായി മുന്നോട്ട് പോവുകയാണ് നാഷണൽ ഹെൽത്ത് മിഷനിലെ ആയൂഷ് ആയൂർവേദ മെഡിക്കൽ ഓഫീസർമാർ.

ജോലികഴിഞ്ഞ് വീട്ടിലെത്തുന്ന മാതാപിതാക്കൾ മൊബൈൽ ഫോണും ലാപ്‌ടോപ്പുമൊക്കെ ഓഫാക്കണം. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കുട്ടികളോടൊപ്പം ചെലവഴിക്കണം. അവരുടെ കലാകായിക പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കണം. അവരുടെ ചെറിയ ചെറിയ മികവുകളെപ്പോലും അഭിനന്ദിക്കണം. ഒരുനേരമെങ്കിലും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തുന്ന ക്ലാസുകളിൽ ആയൂർവേദ ഡോക്ടർമാർ ഇത്തരം നല്ല നിർദ്ദേശങ്ങളൊക്കെ നൽകുന്നു.

ഇതിനോടകം കോട്ടയം ജില്ലയിലെ 40ൽപരം സ്‌കൂളുകളിൽ ആയൂർവേദ ഡോക്ടർമാർ ക്ലാസുകളെടുത്തുകഴിഞ്ഞു. ഇത് കേട്ടറിഞ്ഞ മറ്റ് സ്‌കൂൾ അധികാരികളും ക്ലാസുകളെടുക്കാനായി ഇവരെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഡോ. ചിന്നു രാമചന്ദ്രൻ. ഡോ. ശാലിനി, ഡോ. പ്രദീപ് തോമസ്, ഡോ. ടിന്റു ജോസഫ്, ഡോ. കാശ്മീര, ഡോ. അമേഷ്, ഡോ. നിനീന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്.

ഇത് ഞങ്ങളുടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗം ഡോ. ചിന്നു രാമചന്ദ്രൻ

ആയൂഷ് ആയൂർവേദ മെഡിക്കൽ ഓഫീസർമാരായ ഞങ്ങൾ പുതുതലമുറയോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് യുവമിത്രം പദ്ധതിയും ക്ലാസും ജില്ലയിലെ സ്‌കൂളുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ക്ലാസുകളെക്കുറിച്ച് കേട്ടറിഞ്ഞ ഓരോ സ്‌കൂളുകാരും ഞങ്ങളെ സ്‌കൂളുകളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം അയ്യായിരത്തോളം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ക്ലാസുകൾ കൊടുക്കാൻ കഴിഞ്ഞുവെന്നുള്ളത് വലിയ കാര്യമായിത്തന്നെ ഞങ്ങൾ കരുതുകയാണെന്നും പദ്ധതിയുടെ കൺവീനർമാരിൽ ഒരാളായ മുത്തോലി ഗവ. ആയൂഷ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ചിന്നു രാമചന്ദ്രൻ പറഞ്ഞു.

ക്ലാസുകൾ നടത്താൻ താത്പര്യമുള്ള സ്‌കൂൾ അധികാരികൾക്ക് വിളിക്കാം 6238689213