പാലാ: നവ കേരള സദസിന് വേദിയാകുന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് ഒരു കേടുപാടും വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി. മുനിസിപ്പൽ സ്റ്റേഡിയം നവ കേരള സദസിന് വേദിയാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രതിനിധികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഉത്തരവിട്ടത്.

സ്റ്റേഡിയത്തിലെ ഫെൻസ്ഡ് ഏരിയായ്ക്കുള്ളിലും സിന്തറ്റിക് ട്രാക്കിനും യാതൊരുവിധത്തിലുമുള്ള നാശനഷ്ടമോ കേടുപാടോ ഉണ്ടാകുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.. ഈ ഉത്തരവിന് എന്തെങ്കിലും ലംഘനം ഉണ്ടായാൽ മുനിസിപ്പൽ സെക്രട്ടറി വ്യക്തിപരമായി അതിനുത്തരവാദിയായിരിക്കുമെന്നും ഹൈക്കോടതി വിധിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി കേസ് ഡിസംബർ 14 ലേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് അഡ്വ. ടോണി ചക്കാല, അഡ്വ. ഷിനു സെബാസ്റ്റ്യൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കായികതാരങ്ങളെയും സ്‌പോർട്‌സ് പ്രേമികളെയും വെല്ലുവിളിച്ച് സ്റ്റേഡിയം നവ കേരള മാമാങ്കത്തിന് വിട്ടുകൊടുത്ത നഗരസഭയിലെ ഇടതു ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് യു.ഡി.എഫ് നേതാക്കളായ ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, നേതാക്കളായ എൻ. സുരേഷ്, മോളി പീറ്റർ, പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് ആർ.വി ജോസ് എന്നിവർ പറഞ്ഞു.