കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് 30ന് കോട്ടയം വടവാതൂർ എം.ആർ.എഫ്, കളമശേരി അപ്പോളോ ടയേഴ്‌സ് എന്നീ ഫാക്ടറികളിലേക്ക് പതിനായിരത്തിലധികം കർഷകർ പങ്കെടുക്കുന്ന മാർച്ചും ഉപരോധവും നടത്താൻ കോട്ടയത്ത് ചേർന്ന റബർ കർഷക സംയുക്ത സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. ടയർ കമ്പനികൾക്ക് സിസിഐ പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക് വീതിച്ച് നൽകുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കുക, കേന്ദ്രം സംഭരിക്കാത്ത സാഹചര്യമുണ്ടായാൽ സംസ്ഥാനം നൽകുന്ന വിലസ്ഥിതാ ഫണ്ട് വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. സമരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗങ്ങൾ ആറിന് വൈകിട്ട് നാലിന് അയർക്കുന്നത്തും എട്ടിന് വൈകിട്ട് നാലിന് കളമശേരിയിലും ചേരും. കൺവെൻഷൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി അദ്ധ്യക്ഷനായി. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, തോമസ് ചാഴികാടൻ എം.പി, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.