nellu

കോട്ടയം : ആദ്യമൊരുക്കിയ നിലം വെള്ളത്തിലായതിന് പിന്നാലെ രണ്ടാമത് നിലമൊരുക്കിയപ്പോൾ വിതയ്ക്കാൻ വിത്തില്ലാതെ വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ നെൽകർഷകർ.

നാഷണൽ സീഡ്സ് കോർപ്പറേഷനാണ് വിത്ത് കൃഷി ഭവൻ വഴി നൽകുന്നത്.

സംസ്ഥാന സർക്കാർപണം നൽകും. കോടികൾ കുടിശികയായതോടെ നാഷണൽ സീഡ്സ് കോർപ്പറേഷൻ വിത്തു നൽകുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിത്തു വാങ്ങാൻ വായ്‌പയെടുത്തു മുടിഞ്ഞ കർഷകരുടെ കൈയിൽ പണവുമില്ല . കാലാവസ്ഥയെ ആശ്രയിച്ചാണ് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകൃഷി. ഒക്ടോബർ നവംബർ മാസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പടശേഖരങ്ങളിൽ മടവീഴ്ചയും ബണ്ട് കവിഞ്ഞു വെള്ളം കയറുന്ന സ്ഥിതിയും ഉണ്ടായി. കള നീക്കം ചെയ്തു വെള്ളം വറ്റിച്ച് ഒരുക്കിയ പാടങ്ങൾ വെള്ളത്തിലായതോടെ നിലമൊരുക്കാൻ വീണ്ടും പണം കടം വാങ്ങിയതിന് പുറമേയാണ് വിത്തില്ലാത്ത സ്ഥിതി. വിത വൈകിയാൽ ഇനിയുണ്ടാകുന്ന വേനലിൽ നെൽച്ചെടി കരിഞ്ഞുണങ്ങും,​ .

ആദ്യം വിതച്ച ചില പാടങ്ങളിൽ വിത്ത് മുളച്ചതിനൊപ്പം വെള്ളം കയറി നശിച്ചു. അവിടെ രണ്ടാമതും വിത്തിറക്കണം. കൃഷി ഭവൻ വഴി ആവശ്യത്തിന് വിത്തില്ലാതെ വന്നതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണെങ്കിലും വിത്ത് വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. ഡിമാൻഡ് കൂടിയതോടെ വിലയും കൂട്ടി. ഗുണനിലവാരമുള്ള വിത്തുമില്ലെന്ന പരാതിയും വ്യാപകമായി.

സഹകരണ സംഘങ്ങൾ വഴി ആവശ്യമായ വിത്തിനുള്ള പണം മാസങ്ങൾക്ക് മുമ്പേ കൈമാറിയിട്ട് വിത്തിനുവേണ്ടി തങ്ങൾ പാടശേഖരസമിതികളുടേയും സഹകരണസംഘങ്ങളുടേയും പുറകേ നടക്കേണ്ട ഗതികേടിലാണന്നു കർഷകർ പറയുന്നു .വിത്ത് കിട്ടാതെ എന്തു ചെയ്യുമെന്ന് പാടശേഖരസമിതികൾ തിരിച്ചു ചോദിക്കുന്നു

നെല്ല് സംഭരിച്ചവകയിൽ സപ്ലൈകോ ഇനിയും ലക്ഷങ്ങളാണ് നൽകാനുള്ളത്.അടുത്തകൃഷി ഇറക്കാനുള്ള വിത്തും കൂടി ലഭിക്കാതെ വന്നതോടെ കുട്ടനാടൻ അപ്പർ കുട്ടനാടൻ കാർഷിക മേഖലയിൽ പ്രശ്നങ്ങൾ അവസാനിക്കാതെ മൂർച്ചിക്കുകയാണ്.

സർക്കാർ കാഴ്ചക്കാരായി നിൽക്കാതെ നാഷണൽ സീഡ് കോർപ്പറേഷന് കുടിശിഖ നൽകി വിത്ത് അടിയന്തിരമായി ലഭ്യമാക്കാൻ സർക്കാർ നടപടി എുക്കണം.

ശിവദാസൻ

(നെൽകർഷകൻ )​