
മുണ്ടക്കയം : ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് മുണ്ടക്കയം വെട്ടുകല്ലാംകുഴി ഇലഞ്ഞിമറ്റത്തിൽ എ.ജെ. മാത്യു (82). കുന്നംകുളത്തു നടന്ന സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയാണ് മാത്യു മിന്നും താരമായി മാറിയത്. 100, 200, 400 മീറ്ററിലാണ് ഈ നേട്ടം. സ്‌കൂൾ കാലഘട്ടത്തിൽ ജില്ല, സംസ്ഥാന ചാമ്പ്യനായിരുന്നു. സ്പോർട്‌സ് കോട്ടയിൽ മദ്രാസ് പൊലീസിൽ 10 വർഷത്തോളം സേവനമനുഷ്ഠിച്ചു. വി.ആർ.എസ് എടുത്ത് പിന്നീട് ബിസിനസിലേക്ക്. കോട്ടയത്ത് രണ്ട് സ്പെയർപാർട്സ് കടകളുണ്ട്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു നൂറു കണക്കിന് മെഡലുകളാണ് ഇതുവരെ സമ്പാദിച്ചത്. സംസ്ഥാനതല ത്തിൽ ട്രിപ്പിൾ സ്വർണ്ണം കരസ്ഥമാക്കിയതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. മാത്യുവിന് പിന്തുണയുമായി ഭാര്യ ലീലാമ്മയും ഒപ്പമുണ്ട്. ബിസിനസുകാരായ സാജ് മാത്യു, സുജ മാത്യു എന്നിവരാണ് മക്കൾ.
കൃത്യമായ പരിശീലനം
കൃത്യമായ പരിശീലനവും ചിട്ടയോട് കൂടിയുള്ള ആഹാരക്രമവുമാണ് വിജയങ്ങൾക്ക് പിന്നിലെന്ന് ഇദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാവിലെ മുണ്ടക്കയം 35-ാം മൈലിലെ ബോയ്‌സ് ഗ്രൗണ്ടിലെത്തി പരിശീലനം നടത്തും. ബിസിനസ് തിരക്കിനിടയിലും സ്പോർട്സാണ് തന്റെ ജീവവായുവെന്ന് മാത്യു പറയുന്നു.