നവീകരണം 15 ലക്ഷം രൂപ ചെലവഴിച്ച്
പാലാ: നഗരസഭ വർക്കിംഗ് വുമൺസ് ഹോസ്റ്റൽ വീണ്ടും പ്രവർത്തനസജ്ജമാകുന്നു. 15 ലക്ഷം രൂപാ മുടക്കിയാണ് ഹോസ്റ്റൽ നവീകരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ പറഞ്ഞു. പഴയ പ്രൗഡിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാണ് നഗരസഭ ലക്ഷ്യമിട്ടിരിക്കുന്നത്. നഗരസഭാ മേഖലയിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്തിരുന്ന വനിതകൾക്കും വിവിധ ആവശ്യങ്ങൾക്കായി പാലായിലെത്തിയിരുന്ന വനിതകൾക്കും കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സുരക്ഷിത കേന്ദ്രമായിരുന്നു മുൻപ് വർക്കിംഗ് വുമൻസ് ഹോസ്റ്റൽ. കന്യാസ്ത്രീമാരുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ നടത്തിപ്പുകാരായിരുന്ന കന്യാസ്ത്രീമാർ പിൻമാറിയതോടെ വർഷങ്ങളായി ഹോസ്റ്റൽ അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെ പാലായിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന വനിതകൾക്കും വലിയ തുക മുടക്കി സ്വകാര്യ ഹോം സ്റ്റേകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. വർഷങ്ങളായി പ്രവർത്തനരഹിതമായതിനാൽ മൂന്നു നില കെട്ടിടം നശിക്കുന്ന സാഹചര്യവുമായി. ഇതോടെയാണ് ഹോസ്റ്റൽ നവീകരിക്കാൻ നഗരസഭ മുന്നോട്ടുവന്നത്. ഹോസ്റ്റൽ തുറക്കാനുള്ള നഗരസഭാ അധികാരികളുടെ നടപടിയെ കേരള വനിതാ കോൺഗ്രസ് (എം) അദ്ധ്യക്ഷയും വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ പെണ്ണമ്മ ജോസഫ്, കേരള എൻ.ജി.ഒ.ഫ്രണ്ട് പ്രസിഡന്റ് ഷൈജു വി.കുര്യൻ തുടങ്ങിയവർ അഭിനന്ദിച്ചു.
ജോലികൾ അതിവേഗത്തിൽ
നവീകരണം കഴിഞ്ഞാലുടൻ ഹോസ്റ്റൽ പ്രവർത്തനം പുനരാംരഭിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.ചെയർപേഴ്‌സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, ഷാജു തുരുത്തൻ, മായാ പ്രദീപ്, ബിജി ജോജോ, മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര തുടങ്ങിയവർ സ്ഥലത്തെത്തി നവീകരണ ജോലികൾ വിലയിരുത്തി.
ഫോട്ടോ അടിക്കുറിപ്പ്
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പാലാ നഗരസഭാ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ