കോട്ടയം: നിയമം ലംഘിച്ചുള്ള തടിലോറിയുടെ പാച്ചിൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു. രാത്രി ഏഴ് മണിക്ക് ശേഷം എം.സി റോഡിലൂടെയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. സൈഡ് തരാത്തത് ചെറുവാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്നു.

രാത്രി ലോറിയുടെ ബോഡി ഭാഗത്തു നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന തടികൾ കാരണം എതിരേ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഓവർടേക്ക് ചെയ്യാൻ വേഗം കൂട്ടി കടന്നു വരുമ്പോഴായിരിക്കും തൊട്ടുമുൻപിലെ അപകടം കാണുക. തലനാരിഴയ്ക്കാകും രക്ഷപ്പെടുക. ലോറിയിൽ ലോഡ് ഉണ്ടെന്ന് അറിയിക്കാൻ ലോഡിന് വശങ്ങളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ചട്ടവും പേരിന് മാത്രം പാലിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ തടിലോറിയിലെ തടികൾ കാറിന് മുകളിലേയ്ക്ക് വീണിരുന്നു. രാത്രിയിൽ ട്രക്കുകൾക്കൊപ്പം തടിലോറികൾ കൂടിയാകുമ്പോൾ യാത്ര ദുഷ്കരമാവുന്നു. തോന്നുംപടിയുള്ള ലോറികളുടെ പാർക്കിംഗും വലിയ അപകടമാണ്. റിഫ്‌ളക്ടറുകളും മുന്നറിയിപ്പ് ലൈറ്റുകളും ഇല്ലാത്തതിനാൽ പാർക്ക് ചെയ്തിരിക്കുന്ന ലോറി മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല. റോഡരികിലെ വഴിവിളക്കുകൾ പ്രവർത്തിക്കാത്തതും അപകട സാദ്ധ്യത കൂട്ടുന്നു.

 അർദ്ധരാത്രിയിൽ

ഏറെ തിരക്കുള്ള സന്ധ്യസമയം മുതലാണ് തടിലോറികൾ നിരത്തിലിറങ്ങുന്നത്. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ സമയ നിയന്ത്രണമുണ്ടെങ്കിലും തടിലോറികൾക്ക് ഇത് ബാധകമല്ല. പെരുമ്പാവൂരിലാണ് തടികൾ ഇറക്കേണ്ടത്. തെക്ക് നിന്നുള്ള വണ്ടികൾ സന്ധ്യക്ക് ശേഷം നിരത്തിലിറങ്ങിയാലും അർദ്ധരാത്രിക്ക് മുന്നേ പെരുമ്പാവൂരിലെത്താം. ഈ സാഹചര്യത്തിൽ രാത്രി വൈകി തടിലോറികൾ നിരത്തിലിറങ്ങണമെന്ന ആവശ്യവും ശക്തമാണ്.