vaikom

വൈക്കം: അഷ്ടബന്ധച്ചാർത്തണിയിക്കുന്ന ഐതീഹ്യങ്ങൾ,​ മുറതെറ്റാത്ത ആചാരങ്ങൾ,​ കണിശതയാർന്ന താന്ത്രിക അനുഷ്ഠാനങ്ങൾ,​ ഇതിനെല്ലാമുപരിയായി മനുഷ്യഗന്ധിയായ ജീവിത മുഹൂർത്തങ്ങൾ... ഇതെല്ലാമാണ് വൈക്കം മഹാദേവക്ഷേത്രത്തെ മറ്റ് മഹാക്ഷേത്രങ്ങളിൽ നിന്ന്‌ വേറിട്ട് നിർത്തുന്നത്. ആ ജീവിത മുഹൂർത്തങ്ങളുടെ നേർക്കാഴ്ചയാണ് അഷ്ടമിവിളക്ക്.

വ്യാഘ്രപാദ ആൽത്തറയ്ക്ക് സമീപം അഷ്ടമി വിളക്കിന് ദീപം തെളിയുമ്പോൾ മുപ്പത്തിമുക്കോടിദേവഗണങ്ങളും കാണുവാൻ എത്തുമെന്നാണ് വിശ്വാസം.
ഈ മുഹൂർത്തത്തിൽ ദർശനം നടത്തി കാണിക്കയർപ്പിക്കാൻ നാടിന്റെ നാന ഭാഗത്തു നിന്നും നിരവധി ഭക്തരാണ്‌ ക്ഷേത്രത്തിലെത്തുന്നത്. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് കൂടാതെ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രം, കൂട്ടുമ്മേൽക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം, കിഴക്കുംകാവ് ഭഗവതിക്ഷേത്രം, പുഴവായിക്കുളങ്ങര മഹാവിഷ്ണുക്ഷേത്രം, ഇണ്ടംതുരുത്തി ക്ഷേത്രം, ടി.വി പുരം ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലെ എഴുന്നള്ളിപ്പുകളും വൈക്കംക്ഷേത്രത്തിലെത്തും.
ശ്രീപരമേശ്വരൻ പാർവതി സമേതനായി വ്യാഘ്രപാദ മഹർഷിക്ക് ദർശനം നൽകി അഭീഷ്ടവരം കൊടുത്തനുഗ്രഹിച്ച മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. അന്ന് രാത്രിയിലാണ് വിളക്ക്.
താരകാസുരൻ, ശൂരപത്മൻ എന്നീ അസുരന്മാരെ നിഗ്രഹിക്കുവാൻ പോയ ദേവസേനാപതിയും പുത്രനുമായ സുബ്രഹ്മണ്യനെ കാണാതെ ദുഖിതനായി ഉപവാസത്തോടെ വൈക്കത്തപ്പൻ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളി നിൽക്കും. തുടർന്ന് ഉദയനാപുരത്തപ്പൻ വിജയശ്രീലാളിതനായി ദേശത്തെ ഇതര ദേവീദേവന്മാർക്കൊപ്പം എഴുന്നള്ളിയെത്തും.പുത്രന്റെ മടങ്ങിവരവിൽ ആഹ്‌ളാദ ചിത്തനായി വൈക്കത്തപ്പൻ അഭിമാനപൂർവ്വം പുത്രന് സ്വന്തം സ്ഥാനം നൽകി ആദരിക്കും. അച്ഛനും മകനും ഇരുവശങ്ങളിലായി ദേവീദേവന്മാർ അണിനിരക്കും. തുടർന്ന് അവകാശിയായ കറുകയിൽ കൈമൾ പല്ലക്കിലേറിയെത്തി ആദ്യകാണിക്ക സമർപ്പിക്കുന്നതോടെ വലിയ കാണിക്കയും ആരംഭിക്കും.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ദേവസേനാധിപനായ ഉദയനാപുരത്തപ്പൻ അസുര നിഗ്രഹത്തിന്‌ശേഷം കൂട്ടുമ്മേൽ ഭഗവതി, ശ്രീ നാരായണപുരംദേവൻ എന്നിവരോടപ്പം രാജകീയ പ്രൗഢിയോടെ വൈക്കം മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു. രാത്രി 9 ന് ഉദയനാപുരംക്ഷേത്രത്തിൽ നിന്നു എഴുന്നള്ളിപ്പ് തുടങ്ങും. വലിയ കവല അലങ്കാരഗോപുരം, കൊച്ചാലും ചുവട് ഭഗവതി സങ്കേതം, വടക്കേ നട കൊട്ടാരത്തിന് മുൻവശം തുടങ്ങിയ ഭാഗങ്ങളിൽ അലങ്കാരങ്ങളോടെ നൽകുന്ന വരവേൽപ്പ് ഏറ്റുവാങ്ങി 2 മണിയോടെ വടക്കേഗോപുരം വഴി വൈക്കംക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

കൂട്ടുമ്മേൽ ഭഗവതി

ഉദയനാപുരം ക്ഷേത്രത്തിന് ഏകദേശം രണ്ടു കിലോമീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഉദയനാപുരത്തപ്പനോടൊപ്പം അസുര നിഗ്രഹത്തിന്‌ പോയ ദേവി ദീപാരാധനക്ക് മുൻപായി ഉദയനാപുരം ക്ഷേത്രത്തിലെത്തും. ഉദയനാപുരത്തപ്പനോടപ്പം വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ഭഗവതി രാത്രി 2 മണിയോടെ വടക്കേഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിക്കും.

മൂത്തേടത്തുകാവ് ഭഗവതി

ദേശദേവതയായ മുത്തേടത്തുകാവ് ഭഗവതി വൈക്കത്തപ്പന്റെ പുത്രി സങ്കല്പത്തിൽ അറിയപ്പെടുന്നു. രാത്രി 8 ന്‌ശേഷം വൈക്കംക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ദേവി തോട്ടുവക്കം ഭാഗത്ത് വച്ച് അവിടെയെത്തുന്ന ഇണ്ടംതുരുത്തിൽ ദേവിയുമായി ഒന്നിച്ച്
പുറപ്പെട്ട് തെക്കേനട ശാസ്താക്ഷേത്രത്തിൽ ഇറക്കി പൂജയും വരവേൽപ്പും ഏറ്റു വാങ്ങി ആർഭാട സമേതം അഷ്ടമി വിളക്കിനായി വൈക്കംക്ഷേത്രത്തിലേക്ക്. തെക്കേഗോപുര നടയിൽ വച്ച് അവിടെയെത്തുന്ന പുഴവായിക്കുളങ്ങര മഹാവിഷ്ണു, കിഴക്കും കാവ് ഭഗവതി എന്നിവരോടൊപ്പം രാത്രി 2 മണിയോടെ തെക്കേഗോപുരം വഴി പ്രവേശിച്ച് വടക്കേ നടയിൽ എത്തും.


ശ്രീനാരായണപുരം ദേവൻ

ഉദയനാപുരംക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. രാത്രി 8 ന്‌ശേഷം ശ്രീനാരായണപുരം ദേവൻ വൈക്കംക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഉദയനാപുരം ക്ഷേത്രത്തിന് തെക്കേനടയിൽ വച്ച് ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ചേർന്ന് രാത്രി 2 ന്‌ശേഷം വടക്കേഗോപുരം വഴി വൈക്കംക്ഷേത്രത്തിൽ പ്രവേശിക്കും.

തൃണയംകുടത്തപ്പൻ

വൈക്കം മഹാദേവക്ഷേത്രത്തിന് ഏകദേശം 6 കി മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശ്രീരാമക്ഷേത്രം. രാത്രി 8 മണിക്ക്‌ ശേഷം പുറപ്പെടുന്ന എഴുന്നള്ളിപ്പ് കച്ചേരി കവല പടിഞ്ഞാറെ നട വഴി വടക്കേ നടയിലെത്തി ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ഒന്നിച്ച് 2 മണിക്ക്‌ശേഷം വടക്കേഗോപുരം വഴി വൈക്കംക്ഷേത്രത്തിൽ പ്രവേശിക്കും.

ഇണ്ടംതുരുത്തിൽ ദേവി

വൈക്കം മഹാദേവക്ഷേത്രത്തിന് ഏകദേശം ഒരു കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഏകദേശം രാത്രി 8 മണിയോടെ അഷ്ടമി വിളക്കിൽ പങ്കെടുക്കാനായി വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ദേവി മൂത്തേടത്ത് കാവ് ഭഗവതിയുമായി ഒന്നിച്ച് ശാസ്താക്ഷേത്രത്തിലെ ഇറക്കി പൂജക്കും വരവേൽപ്പും ഏറ്റുവാങ്ങി തെക്കേഗോപുരം വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ച് വടക്കേ നടയിലെത്തും.

പുഴവായിക്കുളങ്ങര മഹാവിഷ്ണു

വൈക്കംക്ഷേത്രത്തിന് ഏകദേശം 2 കി.മീറ്റർ കിഴക്കു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. പുഴവായി കുളങ്ങര മഹാവിഷ്ണു രാത്രി 8 മണിയോടെ വൈക്കംക്ഷേത്രത്തിലേക്ക് യാത്രയാക്കും. മുരിയൻകുളങ്ങരയിൽ വച്ച് കിഴക്കുംകാവ് ഭഗവതിയുമായി ഒന്നിച്ച് തെക്കെ നടയിൽ മൂത്തേടത്ത് കാവ്‌ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ഏകദേശം 2 മണിയോടെ തെക്കേഗോപുരം വഴി പ്രവേശിച്ച് വടക്കേ നടയിലെത്തും.

കിഴക്കും കാവ് ഭഗവതി

വൈക്കം മഹാദേവക്ഷേത്രത്തിന് ഒരു കിലോമീറ്റർ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നക്ഷേത്രം.
രാത്രി 8 നുശേഷം പുറപ്പെടുന്ന എഴുന്നള്ളിപ്പ് മുരിയൻ കുളങ്ങരയിൽ വച്ച് പുഴവായിക്കുളങ്ങര ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ചേർന്ന് തെക്കേ നടയിൽ വച്ച് മൂത്തേടത്ത് കാവിലെ എഴുന്നള്ളിപ്പുകളോടൊപ്പം ഏകദേശം 2 ന് തെക്കേഗോപുരം വഴി പ്രവേശിച്ച് വടക്കേ നടയിലെത്തും. നാലമ്പലത്തിന് വടക്കു വശംവച്ച് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പുമായി സംഗമിച്ച് വൈക്കത്തപ്പൻ എഴുന്നള്ളി നില്ക്കുന്ന വ്യാഘ്യപാദ സങ്കേതത്തിലേക്ക് നിങ്ങും.

വിടവാങ്ങൽ

വലിയകാണിക്ക പൂർത്തിയാകുന്നതോടെ ആനപ്പന്തലിൽ നിന്നും ഇറങ്ങുന്ന എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരച്ചുവട്ടിൽ എത്തുന്നതോടെ യാത്രയയപ്പ് ചടങ്ങ് തുടങ്ങുകയായി. മൂത്തേടത്തുകാവ് ഭഗവതിയുടെതാണ് ആദ്യ ഊഴം.
കൊടിമരത്തിന് അഭിമുഖയായി നിന്ന് യാത്രചോദിച്ചതിന്‌ശേഷം വൈക്കത്തപ്പനോടും യാത്ര പറയുന്നു. യാത്രചോദിച്ച് മുത്തേടത്ത് കാവ് ഭഗവതി, ഇണ്ടംതുരുത്തിൽദേവി പുഴവായി കുളങ്ങര മഹാവിഷ്ണു, കാഴക്കും കാവ് ഭഗവതി എന്നിവർ തെക്കേഗോപുരം കടന്ന് തിരിച്ചെഴുന്നള്ളും. അവസാന ഊഴം പുത്രനായ ഉദയനാപുരത്തപ്പന്റേതാണ്. ഉദയനാപുരത്തപ്പനും മറ്റ്‌ ദേവന്മാരും കൊടിമരച്ചുവട്ടിലും പനച്ചിക്കൽ നടയിലും പടിഞ്ഞാറു ഭാഗത്തും വടക്കുഭാഗത്തും വച്ച് യാത്രചോദിച്ച് ഉദയനാപുരത്തപ്പൻ ഒഴികെയുള്ളവർ വടക്കേഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളും.
വടക്കേഗോപുരത്തിന് സമീപം നിന്ന് ഉദയനാപുരത്തപ്പൻ വീണ്ടും വൈക്കത്തപ്പനോട് യാത്രചോദിച്ച്‌ ഗോപുരം ഇറങ്ങുന്നു. ഈ സമയം പതിനായിരങ്ങൾ ക്ഷേത്രത്തിലുണ്ടെങ്കിലും ശംഖനാദവും എഴുന്നള്ളിപ്പ് ആനകളുടെ വിടവാങ്ങൽ ശബ്ദവും മാത്രമാണ് ഉയരുക. മെല്ലെ നാദസ്വരത്തിലൂടെ ദുഖകണ്ഡാര രാഗം ഒഴുകും. പുത്രന്റെ യാത്രനോക്കി വീകാരാധീനനായി അടക്കിപ്പിടിച്ച ദുഖഭാരത്തോടെ വൈക്കത്തപ്പൻ സാവധാനം ശ്രികോവിലിലേക്ക് തിരികെ എഴുന്നെള്ളും.