
കോട്ടയം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് സുരക്ഷയൊരുക്കാൻ 500 പൊലീസുകാരെ അധികം നിയോഗിച്ചു. എ.എസ്.പിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
അഷ്ടമിദർശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പൊലീസ് മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പൊലീസിനെയും നിയോഗിക്കും. പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ പ്രത്യേക പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തും പരിസരങ്ങളിലുമായി 40 ഓളം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരീക്ഷണം 24 മണിക്കൂറും
അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. പടിഞ്ഞാറേനട ഒഴികെയുള്ള വാതിലിലൂടെ ഭക്തർക്ക് അകത്തേക്ക് പുറത്തേക്കും പ്രവേശിക്കാൻ കഴിയുന്നതിനാൽ ഇവിടങ്ങൾ കേന്ദ്രീകരിച്ചും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് വൈക്കവും പരിസരപ്രദേശങ്ങളും നിരീക്ഷണത്തിലായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.