thnegu

തെങ്ങുകളുടെ നീരൂറ്റി ചെല്ലി

കോട്ടയം : തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷമായി കർഷകർ നട്ടം ചുറ്റുമ്പോഴും കാഴ്ചക്കാരുടെ റോളിൽ കൃഷി വകുപ്പ്. തെങ്ങിൻ തൈകൾ കായ്ഫലമാകുന്ന പാകമാകുമ്പോഴേയ്ക്കും ശല്യം തുടരും. സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചുവടുവശത്തും വ്യാപകമായി. പ്രത്യക്ഷത്തിൽ കാണാൻ കർഷകർക്ക് സാധിക്കുന്നുമില്ല. പാമ്പാടി, കൂരോപ്പട, കറുകച്ചാൽ, മണിമല, പള്ളിക്കത്തോട്, വൈക്കം വെച്ചൂർ, കുമരകം എന്നിവിടങ്ങളിലാണ് കൂടുതലായി തെങ്ങ് കൃഷിയുള്ളത്. വിലയിടിവിനെ തുടർന്ന് നിരവധി റബർ കർഷകരാണ് തെങ്ങിൻ കൃഷിയിലേക്ക് മാറിയത്. മൂന്ന് വർഷം കൊണ്ട് കായ്ഫലം ഉണ്ടാകുന്നതിനാണ് ഡിമാൻഡേറെ. സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. എന്നാൽ ഇവയിലാണ് ശല്യം രൂക്ഷം.

മരുന്നുകൾ പ്രയോഗിച്ചിട്ടും ഫലമില്ല

ചെല്ലിശല്യം മാറുന്നതിനായി നിരവധി മരുന്നുകൾ കർഷകർ പ്രയോഗിക്കുന്നതല്ലാതെ ഫലമില്ല. നടപടി സ്വീകരിക്കേണ്ട കൃഷിവകുപ്പും മൗനത്തിലാണ്. ചുരുങ്ങിയ ദിവസം കൊണ്ടു ഏക്കറുകണക്കിനു വിസ്തൃതിയുള്ള തോട്ടങ്ങളിലെ തെങ്ങുകളെല്ലാം ആക്രമണത്തിന് ഇരയാകുകയാണ്. തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ചെല്ലിയെ തടയാനുള്ള പ്രതിരോധ മാർഗം.

കർഷകരെ സംരക്ഷിക്കാനും ചെല്ലിശല്യം മൂലം തെങ്ങ് നഷ്ടപ്പെട്ട കർഷകർക്ക് പുതിയ തെങ്ങിൻ തൈകൾ നൽകുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.

(എബി ഐപ്പ് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി).

മരച്ചീനിയിൽ ഫംഗസ് രോഗം

രാമപുരം : രാമപുരം പഞ്ചായത്തിലെ മരച്ചീനികളിലാണ് ഫംഗസ് രോഗബാധ പിടിമുറുക്കിയത്. കപ്പത്തണ്ടിന്റെ അടിഭാഗത്ത് പടരുന്ന ഫംഗസ് പതിയെ ചെടിയെ മുഴുവൻ ബാധിച്ച് കിഴങ്ങ് അടക്കം ചീഞ്ഞ് അഴുകി പോവുകയാണ് ചെയ്യുന്നത്. ഹെക്ടർ കണക്കിന് കപ്പയാണ് ഇതിനോടകം നശിച്ചത്. വിളവെടുപ്പ് അടുക്കാറായപ്പോഴാണ് ദുരിതം. കടം വാങ്ങി കൃഷിയിറക്കിയ പലരും കടക്കെണിയിലാണ്. കൃഷി പ്രകൃതിക്ഷോഭത്തിൽ നശിച്ചാൽ മാത്രമേ സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. വിളവെടുപ്പ് കഴിഞ്ഞാണ് വളത്തിന്റെ പണം മിക്ക കർഷകരും നൽകുന്നത്. എന്നാൽ കപ്പ നശിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ കർഷകർ ഉഴലുകയാണ്. കോലത്ത് അരുൺ തോമസ്, വടക്കേക്കുറ്റ് ജിന്നി തോമസ്, ജോബി തച്ചൂർ, ബിജു മേതിരി, സാബു കൊച്ചുപറമ്പിൽ, അർജുൻ വല്ലേൽ, വേണു മാരാത്ത് എന്നിവരുടെ കപ്പകൃഷിയും, രാമപുരം ഫൊറോന പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സമൃതി കർഷക ദളത്തിലെ കർഷകരായ ജോബി പുളിക്കീൽ, ടോമി പുളിക്കച്ചാലിൽ, ഫ്രാൻസീസ് മേലേവീട്ടിൽ, വർഗ്ഗീസ് കരിങ്ങോട്ടുമലയിൽ എന്നിവരുടെ 3 ഏക്കർ സ്ഥലത്തെ കപ്പ കൃഷിയുമാണ് വ്യാപകമായി നശിച്ചത്.

എത്രയും പെട്ടെന്ന് ഫംഗസ് രോഗത്തെ നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തണം. നഷ്ടം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം.

കർഷകർ