
കോട്ടയം: ക്രിസ്മസ് പുതുവത്സര ആഘോഷദിനങ്ങൾ അടുത്തെത്തിയിട്ടും കോഴി വില കുത്തനെയിടിഞ്ഞു. ഓണക്കാലത്ത് 150 രൂപയ്ക്ക് അടുത്തായിരുന്നു വിലയെങ്കിൽ അതിപ്പോൾ 100 ലേക്ക് താഴ്ന്നു. ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 110 രൂപയോളം കർഷകർക്ക് മുടക്ക് വരുമ്പോഴാണ് വില ഈവിധം താഴ്ന്നത്. ഇടനിലക്കാരന്റെ കമ്മീഷനും കഴിഞ്ഞ് കർഷകന് ലഭിക്കുന്നതാകട്ടെ 60 രൂപ മാത്രമാണ്. ഇടനിലക്കാർക്കും ചില്ലറ വ്യാപാരികൾക്കും 20 മുതൽ 25 രൂപ വരെ ലാഭം ലഭിക്കുമ്പോൾ ഒരു മാസത്തിൽ കൂടുതൽ തീറ്റ കൊടുത്ത് കോഴിയെ വളർത്തുന്ന കർഷകന് കിലോയ്ക്ക് 45 രൂപയ്ക്കടുത്താണ് നഷ്ടം. മൊത്തക്കച്ചവടക്കാർ ഒരു ദിവസം കൊണ്ട് മാത്രം വൻ ലാഭമാണ് കൊയ്യുന്നത്. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ അവസരങ്ങളിൽ നല്ല വില ലഭിക്കും എന്നതിനാൽ മുൻകാലങ്ങളിൽ നഷ്ടപ്പെട്ട പണം കർഷകന് തിരിച്ചുപിടിക്കാമായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. കോഴി വളർത്തൽ മേഖലയിലും കുത്തകക്കാർ എത്തിയതോടെ ഉത്പാദന ചെലവിൽ വൻകുറവുണ്ടായി. ഇതു മാർക്കറ്റിൽ വിലക്കുറവിനും കാരണമായി. അന്യസംസ്ഥാനങ്ങളിൽ വളർത്തുന്ന ഇറച്ചികോഴികളെ കേരളത്തിൽ എത്തിച്ച് വിലകുറച്ചു വിൽക്കുന്നതും പ്രതിസന്ധിയായി.
നഷ്ടം മാത്രം, കർഷകർ പിൻവാങ്ങി
ജില്ലയിൽ മണിയാപറമ്പ്, ഉല്ലല, കൈപ്പുഴമുട്ട് മേഖലകളിൽ നൂറുകണക്കിന് കോഴി വളർത്തൽ കർഷകരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് പകുതിയിലധികം പേരും രംഗംവിട്ടു. കോഴിതീറ്റ വിലവർദ്ധനവും ഇടക്കാലത്ത് കോഴികളിൽ കണ്ടെത്തിയ വിവിധതരം അസുഖങ്ങളും കർഷകർക്ക് തിരിച്ചടിയായി. വൻ തുക ബാങ്കുകളിൽ നിന്നും തരപ്പെടുത്തിയാണ് പലരും മേഖലയിലേക്ക് ഇറങ്ങിയത് യഥാസമയം പണം തിരികെ നൽകാൻ കഴിയാതായതോടെ കർഷകരിൽ പലരും ജപ്തിയുടെ വക്കിലെത്തി.
കോഴി കർഷകരുടെ സ്ഥാനം ഇന്നും വ്യവസായം എന്ന നിലയ്ക്കാണ്. അതിൽനിന്നു മാറി കർഷകരുടെ വിഭാഗത്തിലേക്ക് മാറിയാൽ മാത്രമേ സർക്കാർ വക ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. (കോഴികർഷകർ).
കർഷകന് നഷ്ടം (കിലോയ്ക്ക്): 45 രൂപ