salm
സലാം

ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സലാമിനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ ക്രോസിലൂടെ ഇയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനെ ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും ട്രെയിൻ വരുന്ന സമയമായതിനാൽ റെയിൽവേ ഗേറ്റ് അടയ്ക്കാൻ പോകുകയാണെന്ന് പറയുകയും ചെയ്തു. ഇതേതുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ഇതു തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി. എസ്.എച്ച്.ഒ വി.എസ് അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഒമാരായ പ്രകാശ്, പ്രിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.