നിർമ്മാണം ഹൈക്കോടതി വിധി കാറ്റിൽ പറത്തിയെന്ന് യു.ഡി.എഫ്
പാലാ: നവകേരളസദസിനായി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിശാലമായ പന്തലിന്റെ നിർമ്മാണം തുടങ്ങി. അയ്യായിരത്തോളം പേർ നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇതുസംബന്ധിച്ചുള്ള തുടർച്ചയായുള്ള അവലോകന യോഗങ്ങൾ പാലാ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ പാലാ ആർ.ഡി.ഒ. പി.ജി.രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അതേസമയം മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗ്രീൻഫീൽഡ് പ്രദേശത്ത് നടത്തുന്ന പന്തൽ നിർമ്മാണം ഹൈക്കോടതി വിധിയുടെ നഗ്‌നമായ ലംഘനവും, കോടതി അലക്ഷ്യവുമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സ്റ്റേഡിയത്തിലെ വേലിക്കെട്ടിനുള്ളിൽ ഒരുതരത്തിലുള്ള നാശനഷ്ടവും വരുത്തരുതെന്ന കർശന നിർദ്ദേശമാണ് ഹൈക്കോടതി പാലാ നഗരസഭാ സെക്രട്ടറിക്ക് നൽകിയത്. എന്നാൽ ഹൈക്കോടതി വിധിക്ക് പുല്ലുവില കൽപ്പിച്ചാണ് ഈ പ്രദേശത്ത് ഇപ്പോൾ കൂറ്റൻ പന്തൽ നിർമ്മിക്കുന്നതെന്നും ഇത് കോടതി അലക്ഷ്യമാണെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി എന്നിവർ കുറ്റപ്പെടുത്തി.
അനധികൃത കടന്നുകയറ്റമെന്ന്...
നഗരസഭയിലെ ഇടതു ഭരണകൂടം സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നത് 7മുതൽ 17ാം തീയതി വരെയാണ്. എന്നാൽ ഇന്നലെ തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചത് അനധികൃത കടന്നു കയറ്റമാണെന്നും ആരോപണമുണ്ട്.
പന്തൽ 26000 ചതുരശ്രഅടിയിൽ
പന്തൽ 26000 ചതുരശ്രഅടി വിസ്തീർണത്തിലാണ് വേദിയും പന്തലും നിർമ്മിക്കുന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഒരു വിധ കേടുപാടും ഉണ്ടാവാത്ത വിധം വളരെ സൂഷ്മമായും എൻജിനീയർ വിഭാഗത്തിന്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് നിർമ്മാണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ആർ.ഡി.ഒ. പി.ജി.രാജേന്ദ്രബാബുവും നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോയും അറിയിച്ചു.
നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രികൾ എത്തിക്കുക.
മണ്ണിൽ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിർമ്മാണം. 10000 പേർക്കുള്ള ഇരിപ്പിടങ്ങളാണ് സജ്ജീകരിക്കുന്നത്.
പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആർ.ഡി.ഒ, നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, സംഘാടകസമിതി അംഗങ്ങളായ പ്രൊഫ. ലോപ്പസ് മാത്യു, ആന്റോ പടിഞ്ഞാറേക്കര ,സാവിയോ കാവുകാട്ട്, ഷാജു തുരുത്തൻ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ,ബിജു പാലൂപടവൻ, ജയ്‌സൺ മാന്തോട്ടം എന്നിവരും വിലയിരുത്തി.
ഫോട്ടോ അടിക്കുറിപ്പ്
1.നവകേരള സദസ്സിനായി ഇന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പന്തൽപണി ആരംഭിച്ചപ്പോൾ.
2. ഹൈക്കോടതി വിധിക്ക് പുല്ലുവില കല്പിച്ചാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നവകേരള സദസ്സിനായി പന്തൽ കെട്ടുന്നതെന്ന് ആരോപിച്ചുകൊണ്ട് യു.ഡി.എഫ്. നേതാക്കളായ സജി മഞ്ഞക്കടമ്പിൽ, പ്രൊഫ. സതീശ് ചൊള്ളാനി, എൻ. സുരേഷ് എന്നിവർ സ്റ്റേഡിയത്തിലെത്തി എതിർപ്പ് പ്രകടിപ്പിക്കുന്നു.