പൊൻകുന്നം:ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ വൃത്തിയുള്ള അന്തരീഷം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി മഞ്ഞാവ് കുടിവെള്ളപദ്ധതി. ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ്ഹൗസും സ്ഥിതിചെയ്യുന്ന പ്രദേശത്താണ് പൂന്തോട്ടമൊരുക്കിയത്. ആനക്കയം തോടിന്റെ കരയിലെ കാഴ്ചകൾ കണ്ട് ഉല്ലസിക്കാൻ ഇരിപ്പിടങ്ങളും തയാറാക്കി. ചിറക്കടവ് പഞ്ചായത്ത് 40 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയ കുടിവെള്ളപദ്ധതിയാണിത്. ഉദ്യാനമൊരുക്കിയതിന് അഞ്ചുലക്ഷം രൂപയാണ് ചെലവെന്ന് കുടിവെള്ളപദ്ധതി ചെയർമാൻ കൂടിയായ മുൻപഞ്ചായത്തംഗം മോഹൻകുമാർ പൂഴിക്കുന്നേൽ പറഞ്ഞു. തോടിന്റെ കരയിൽ കൈവേലി തീർത്ത് ടൈൽ പാകിയാണ് ഉദ്യാനം ഒരുക്കിയത്.