
കോട്ടയം: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മക്കൾ നഷ്ടമായ അമ്മമാരുടെയും ഗുരുതരമായി പരിക്കേറ്റ പിഞ്ചു കുട്ടികളുടെയും ഹൃദയസ്പന്ദനത്തിന്റെ ശബ്ദവും കൂട്ട വിലാപവും കാൻവാസിൽ നിന്ന്ഉയരുന്ന വേറിട്ട ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു.
കോട്ടയം ആര്‍ട്ട് ഫൗണ്ടേഷന്റെ അഭിമുഖ്യത്തില്‍ കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആര്‍ട്ട് ഗാലറിയിൽ ആരംഭിച്ച എറണാകുളം ജില്ലയിലെ 38 ചിത്ര-ശില്പ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള മലയാഴ്മ ചിത്രപ്രദര്‍ശനത്തിലാണ് ലിനു ചക്രപാണിയുടെ 'എസൻസ് ഓഫ് തോട്ട് ' ചിത്രം ഒരേസമയം ദൃശ്യവും
ശബ്ദവും കൊണ്ട് ആസ്വാദകരുടെ ഹൃദയ നൊമ്പരമായ് മാറുന്നത്.
തടിയുടെ ഫ്രെയിമിലുള്ള ഹൃദയമിടിപ്പിന്റെ ചിത്രം ഉയർന്നു താഴുന്നതിനൊപ്പം ശബ്ദം പുറത്ത് കേൾക്കാൻ സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്. ഹൃദയമിടിപ്പും കരച്ചിലും ആസ്വാദക മനസിൽ ഗാസയിലെ യുദ്ധ ഭൂമിയിൽ പിടഞ്ഞു വീണ കുട്ടികളുടെ ഹൃദയനൊമ്പരത്തിനൊപ്പം പാലസ്റ്റീൻ ഐക്യദാർഡ്യം കൂടിയാവുന്നു .
38 കലാകാരമാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. മകന്റെ ശവശരീരം കൈകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ശ്രീബുദ്ധനും . മണിപ്പൂരിലെ കലാപത്തിൽ ക്രൂര ബലാത്സംഗത്തിനിരയായ സ്തീകളെ ഓർമിച്ചു ഇരുകൈകളും കൊണ്ട് മാറു മറച്ചു നിൽക്കുന്ന സ്തീകളുടെ ദൈന്യതയും വേറിട്ടതാകുന്നു .ചിത്രകാരന്മാരായ ടോം വട്ടകുഴി, ടി. ആര്‍ ഉപേന്ദ്രന്‍, രതിദേവി പണിക്കര്‍, ലേഖ നാരായണന്‍, സനം നാരായണന്‍, നജീന നീലാംബരന്‍, അജി അടൂര്‍, നന്ദന്‍ പി. വി, സജിത്ത് പുതുക്കലവട്ടം, ബിന്ദി രാജഗോപാല്‍, സുനില്‍ എ.പി തുടങ്ങിയവർ വരച്ച ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്.. രാവിലെ 11 മുതല്‍ വൈകുന്നേരം 6 മണി വരെയുള്ള സൗജന്യ ചിത്ര ശിൽപ്പ .പ്രദര്‍ശനം 12 ന് സമാപിക്കും.