വൈക്കം: ഇന്ന് കൃഷ്ണാഷ്ടമി. പാപ ശാപങ്ങളിൽ നിന്ന് മോചനമായി, കോടി ജന്മങ്ങളുടെ പുണ്യം പകർന്ന് വൈക്കത്ത് ഇന്ന് അഷ്ടമി ദർശനം.
കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിന്റെ അന്ത്യയാമങ്ങളിലൊന്നിൽ വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവ്വതീ സമേതനായി ദർശനം നൽകിയെന്നാണ് വിശ്വാസം. ത്രേതായുഗത്തിലായിരുന്നു ഇത്. ആ ധന്യ മുഹൂർത്തത്തിന്റെ ഓർമ്മകളിൽ വ്യാഘ്രപാദപുരി ഭക്തിസാന്ദ്രമാകും.
അഷ്ടമിദർശനം ഇന്ന് പുലർച്ചെ 4.30 മുതലാണ്. തുടർന്ന് അന്നദാനപ്രഭുവായ പെരുംതൃക്കോവിലപ്പന്റെ സന്നിധിയിൽ പ്രാതൽസദ്യ നടക്കും. അഷ്ടമി നാളുകളിൽ ദേവസ്വം ബോർഡ് നേരിട്ടാണ് പ്രാതലൊരുക്കുന്നത്. ഇന്ന് അത് 121 പറ അരിയുടേതായിരിക്കും. അത്താഴക്കഞ്ഞിയുമുണ്ടാവും. രാത്രിയിലാണ് അഷ്ടമിവിളക്ക്. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആർഭാടപൂർണ്ണമായ ചടങ്ങുകൾക്ക് തുടക്കമാകും. മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തും. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നള്ളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് പൗരാവലി എതിരേൽക്കുക. ക്ഷേത്രത്തിൽ പ്രവേശിച്ച് തന്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നൽകി ആദരിക്കും. മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്ണു, ഗോവിന്ദപുരം ശ്രീകൃഷ്ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂർ ശാസ്താവ് എന്നിവരാണ് ദേവസംഗമത്തിൽ അണിനിരക്കുന്ന ദേവീദേവന്മാർ. തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ കറുകയിൽ കൈമൾ പല്ലക്കേറിയെത്തും. കൈമൾ കാണിക്ക അർപ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. വിളക്കിനുശേഷം വിടപറയൽ ചടങ്ങും നടക്കും.