ktm

 30% പണം പോലും ചെലവഴിച്ചില്ല

കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നര മാസം ബാക്കി, ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനവും പദ്ധതി തുക 30 ശതമാനം പോലും ചെലവഴിച്ചിട്ടില്ല.

ഇഴഞ്ഞിഴഞ്ഞുള്ള പദ്ധതി നിർവഹണം വേഗത്തിലാവാൻ ടോപ് ഗിയറിൽ പായണം. മാർച്ചിലേയ്ക്ക് അടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇനിയും അറുപത് ശതമാനത്തിന് മേൽ തുക ചെലവഴിക്കണം. സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനത്താണ് ജില്ല. തുക ചെലവഴിച്ച കാര്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണെന്നത് മാത്രമാണ് ആശ്വാസം.

382.58 കോടിരൂപയാണ് ജില്ലയിൽ ആകെ ചെലവഴിക്കേണ്ട തുക. എന്നാൽ ഇതുവരെ 101.14 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. എൺപത് ശതമാനം തുക ഇനിയുള്ള നാളുകൾകൊണ്ട് വേണം ചെലവഴിക്കാൻ. മാതൃകയാവേണ്ട ജില്ലാ പഞ്ചായത്തും പിന്നിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

50 ശതമാനം എങ്ങുമില്ല.

പദ്ധതി തുക വിനിയോഗത്തിൽ 50 ശതമാനം ഒരു പഞ്ചായത്തും കടന്നിട്ടില്ല. 39.08 ശതമാനം ചെലവഴിച്ച കാഞ്ഞിരപ്പള്ളിയാണ് മുന്നിൽ. കറുകച്ചാൽ (38.72%), പായിപ്പാട് (38.24%), കല്ലറ (37.14%) എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ സ്ഥാനം.

14ൽ 7.

നിലവിൽ വാർഷികപദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാനത്ത് 7 സ്ഥാനത്താണ് ജില്ല. ബ്ലോക്ക് പഞ്ചായത്തുകളിൽ കടുത്തുരുത്തിയാണ് മുന്നിൽ. തദ്ദേശ സ്ഥാപനങ്ങളുടെ മൊത്തം കണക്കിലും കടുത്തുരുത്തി ബ്ലോക്കാണ് മുന്നിൽ (39.68%)​

 നാണക്കേടിൽ കോട്ടയം നഗരസഭ

മറ്റ് തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് നഗരസഭകൾ ഉഴപ്പുകയാണ്. പാലായാണ് മുന്നിൽ 25.94%, വെറും 5.98% തുകമാത്രം ചെലവഴിച്ച കോട്ടയം നാണംകെട്ട് പിന്നിലാണ്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

മേൽനോട്ടം വഹിക്കേണ്ട ജനപ്രതിനിധികൾ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല.

ചെലവഴിക്കാതിരുന്ന തുകയുടെ 5.69% മാത്രമാണ് കഴിഞ്ഞ തവണ സ്പിൽഓവറായി അനുവദിച്ചുള്ളൂ എന്നതുകൂടി പരിഗണിക്കുമ്പോൾ എത്രയും പെട്ടെന്ന് പദ്ധതികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.