
കോട്ടയം: സിനിമയിൽ പരാജയം വന്നാൽ സൂപ്പർ സ്റ്റാർ സീറോയും വിജയിച്ചാൽ സീറോ സൂപ്പർ സ്റ്റാറുമായ് മാറുമെന്ന് നടൻ മുകേഷ് പറഞ്ഞു. കാഥികൻ സിനിമയുടെ പ്രമോഷന് കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ എത്തിയതായിരുന്നു മുകേഷ്.
' കഥാ പ്രസംഗകലാകാരന്മാരുടെ കഥ പറയുന്ന ജയരാജ് ചിത്രമായ കാഥികൻ തന്റെ 301-ാമത്തെസിനിമയാണ്. സിനിമയിൽ വന്നിട്ട് നാൽപ്പതു വർഷമായി. പതിനഞ്ച് സിനിമയ്ക്കപ്പുറം പ്രതീക്ഷയില്ലായിരുന്നു. കഠിനാദ്ധ്വാനവും കഴിവും മാത്രം പോര ഭാഗ്യവും വേണം സിനിമയിൽ പിടിച്ചു നിൽക്കാൻ.
കഥാപ്രസംഗ കലയ്ക്ക് നൂറ് വയസായി. കഥാപ്രസംഗം മരിക്കില്ല . ഏതു നിമിഷവും തിരിച്ചു വരും. അതിനുള്ള പ്രചോദനമാകും കാഥികൻ സിനിമ. ഷേക് സ്പിയർ, ടോൾസ്റ്റോയ് തുടങ്ങിയവരുടെ കഥകൾ പറഞ്ഞ് പഴയ തലമുറക്ക് കഥാ പ്രസംഗത്തിലൂടെ വിദ്യാഭ്യാസം നൽകിയവരാണ് പ്രമുഖ കാഥികർ. സാംബശിവനെപോലുള്ളവർ ഒരു ദിവസം മൂന്നു വേദികളിലുള്ളവരെ മണിക്കൂറുകളോളം പിടിച്ചിരുത്തിയത് അത്ഭുതത്തോടെയേ ഇന്നോ ഓർക്കാനാകൂവെന്നും മുകേഷ് പറഞ്ഞു.
സംവിധായകൻ ജയരാജ് ആമുഖ പ്രസംഗം നടത്തി. സാംബശിവന്റെ ഓഥല്ലോ കഥാ പ്രസംഗം കേട്ടതിന്റെ ഓർമയിലാണ് കളിയാട്ടം സിനിമ ഒരുക്കിയത് .ഒരാൾ കഥ പറഞ്ഞ് കഥാപാത്രമായ് പാടുകയും ആടുകയും ചെയ്തു കാണികളെ മണിക്കൂറുകളോലം പിടിച്ചിരുത്തുന്ന കേരളത്തിന്റെ സ്വന്തം കഥാപ്രസംഗമല്ലാതെ ലോകത്ത് മറ്റൊരു കലാരൂപമില്ല എന്ന തിരിച്ചറിവാണ് കാഥികൻ സിനിമയെന്നും ജയരാജ് പറഞ്ഞു. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള പ്രമുഖകഥാപ്രസംഗകരെയും സ്കൂൾ യുവജനോത്സവങ്ങളിൽ കഥാപ്രസംഗമത്സരത്തിൽ സമ്മാനാർഹരായവരെയും ചടങ്ങിൽ ആദരിച്ചു. കൃഷ്ണ നന്ദു, സബിതജയരാജ്, പഴയിടം മുരളി ,ക്യാപ്ടൻ മാത്യൂ ജോർജ്, സുമ എബ്രഹാം തുടങ്ങി കാഥികനിലെ താരങ്ങളും സംബന്ധിച്ചു .