
ഭിന്നശേഷി ദിനാചരണത്തില് മുഖ്യാതിഥിയായ മകളെ മുന്നിലിരുത്തി വിതുമ്പലോടെ അമ്മ
പാലാ: ''അമ്മേ, എന്റെ കുഞ്ഞുങ്ങളുടെ ശബ്ദം എങ്ങനെയാ അമ്മേ...'' വേദിയിൽ വിതുമ്പിക്കൊണ്ട് രാധാമണി പറയുമ്പോൾ വേദിയിൽ തന്നെ മുഖ്യാതിഥിയായിരുന്ന മകൾ രശ്മി, അമ്മയുടെ വാക്കുകൾ ''കേട്ടില്ലെങ്കിലും'' ഒപ്പം കരഞ്ഞു. ഇരുവരുടെയും കണ്ണീർ ചാലിട്ടൊഴുകിയ മുഖങ്ങൾ കാണികൾക്കും നൊമ്പരമായി.
ഇന്നലെ പാലാ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു ഈ സങ്കടകാഴ്ച. സമ്മേളനത്തിലെ മുഖ്യാതിഥി ബധിരയും മൂകയുമായ ഭരണങ്ങാനം പഞ്ചായത്ത് അസിസ്റ്റന്റ് സെക്റട്ടറി രശ്മി മോഹനായിരുന്നു. മുഖ്യാതിഥിയെ പാലാ ഡി.ഇ.ഒ. പി. സുനിജ പൊന്നാടയണിയിച്ച് ഫലകവും നല്കിയശേഷം രശ്മിക്കുവേണ്ടി മറുപടി പറയാൻ വേദിയിലെത്തിയതായിരുന്നു 66 കാരിയായ അമ്മ രാധാമണി.
''രശ്മി മോൾക്ക് രണ്ട് പെൺമക്കളാണ്. അവരുണ്ടായപ്പോൾ അവരുടെ ശബ്ദം എങ്ങനെയാണ് അമ്മേയെന്ന് എന്നോടുള്ള ആ ചോദ്യം ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല. പത്താം ക്ലാസിൽ പരീക്ഷയെഴുതിയപ്പോൾ എന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങളുണ്ടായി. രശ്മിമോൾ ജയിച്ചാൽ എന്ത് ചെയ്യും. തോറ്റാൽ എന്ത് ചെയ്യും...? അവൾ ഫസ്റ്റ് ക്ലാസിൽ പാസായെങ്കിലും അടുത്തുള്ള സ്കൂളിൽ അഡ്മിഷന് ചെന്നപ്പോൾ ബധിരയും മൂകയുമായ ഈ കുട്ടിയെ പഠിപ്പിക്കാൻ പറ്റില്ല എന്നവർ തീർത്ത് പറഞ്ഞു. ഞാനവരുടെ കാലുപിടിച്ച് പറഞ്ഞു; ഒരഡ്മിഷൻ മാത്റം നിങ്ങൾ തന്നാൽ മതി. ബാക്കി ഞാൻ ഏറ്റോളാം.
അന്നും ഇന്നും ഞാൻ ഇത് പാലിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കുവേണ്ടിയാണെന്റെ ജീവിതം. ഒരിക്കലും എനിക്കുവേണ്ടി ഒരുദിവസംപോലും ഞാൻ ജീവിച്ചിട്ടില്ല'' ഗദ്ഗദകണ്ഠയായി രാധാമണി ഇത് പറഞ്ഞുനിർത്തുമ്പോൾ അമ്മയുടെ വാക്കുകൾ ഒന്നും ''കേട്ടില്ലെങ്കിലും'' ആ മുഖഭാവം ശ്റദ്ധിച്ച മുഖ്യാതിഥി രശ്മി മോഹൻ പലവട്ടം വിതുമ്പിക്കരഞ്ഞു. കണ്ണുനീർ തുടച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്ത ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്റസിഡന്റ് ആനന്ദ് ചെറുവള്ളിൽ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെയും സദസ്സിന്റെയും കണ്ണുകൾ ഈറനായി. ചേർപ്പുങ്കൽ കിടഞ്ചേരിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മോഹനനാണ് രശ്മിയുടെ അച്ഛൻ. രാഹുൽ ഏക സഹോദരനും.
...സബ് ഹെഡ്ഡിംഗ്
പഠനത്തിലും രശ്മി മിടുക്കിയായിരുന്നു
എസ്.എസ്.എൽ.സി.യും പ്റീഡിഗ്റിയും ഉയർന്ന മാർക്കോടെ പാസായ രശ്മി മോഹൻ പാലാ അൽഫോൻസാ കോളേജിൽ നിന്നും രണ്ടാം റാങ്കോടെയാണ് ചരിത്റത്തിൽ ബിരുദം നേടിയത്. തുടർന്ന് കുറച്ചുകാലം ഒരു സഹകരണ ബാങ്കിൽ ജോലി ചെയ്തു. പിന്നീട് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ലഭിച്ചു. ഇപ്പോൾ ഭരണങ്ങാനം പഞ്ചായത്ത് അസി. സെക്റട്ടറിയാണ്. മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള കേരളകേന്ദ്റ അവാർഡുകൾ രശ്മിക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് അനിൽകുമാർ, ബിരുദ വിദ്യാർത്ഥിനിയായ പാർവതിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശിവാനിയുമാണ് മക്കൾ.