mp

കോട്ടയം : ജില്ലയ്ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമായി പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രം തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി 16 നാണ് നാഗമ്പടം മേൽപ്പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിയത്. വിദേശരാജ്യങ്ങളിലേക്ക് പോകാനിരുന്ന നൂറുകണക്കിന് പേരാണ് ഇതോടെ ദുരിതത്തിലായത്. കോട്ടയം റസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാർട്ട്‌മെന്റിലാണ് പുതിയ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. രണ്ടുനിലകളിലായി 14000 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ഒക്ടോബർ അവസാനം കേന്ദ്രം പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസം. ഹൈ ടെൻഷൻ പവർ ആവശ്യമായതിനാൽ ജനറേറ്റർ, വയറിംഗ് എന്നിവ ക്രമീകരിക്കലായിരുന്നു വെല്ലുവിളി. വയറിംഗ് പൂർത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിനെ സമീപിച്ചെങ്കിലും കുറവുകൾ കണ്ടെത്തി. തുടർന്ന് എം.പിയുടെ ഇടപെടലിൽ ഇവ പരിഹരിച്ച് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് ക്ലിയറൻസ് നൽകുകയായിരുന്നു.

വല്ലാത്ത ദുരിതം

നിലവിൽ കോട്ടയത്തുള്ളവർക്ക് പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ പോകേണ്ട സ്ഥിതിയായിരുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിദേശകാര്യ മന്ത്രിയ്ക്ക് എം.പി നിവേദനം നൽകി. തുടർന്ന് കോട്ടയത്ത് തന്നെ കേന്ദ്രം നിലനിറുത്തുമെന്ന് കേന്ദ്രമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ഇതിനായി പുതിയ കെട്ടിടവും കണ്ടെത്തി.

സൗകര്യങ്ങളും സേവനങ്ങളും
അതിവേഗ ഇന്റർനെറ്റ്
ഇരിക്കാനുള്ള സൗകര്യം
ഒരാൾക്ക് 35 മിനിറ്റിനകം സേവനം
മൂന്ന് സെക്ഷനുകളായി സേവനം

ഒരാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തികരിക്കും. ശേഷം ടാറ്റ കൺസൾട്ടൻസി വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കേന്ദ്രത്തിന്റെ പുനർപ്രവർത്തനം ആരംഭിക്കും.

(തോമസ് ചാഴികാടൻ എം.പി)