
കോട്ടയം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം ചുറ്റി നിൽക്കുന്ന സംസ്ഥാന സർക്കാർ കളക്ടറുടെ ബംഗ്ലാവ് മോടിപിടിപ്പിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചത് വിവാദമാകുന്നു. പൊതുമരാമത്തു വകുപ്പാണ് ഇതുവരെ കളക്ടർ ബംഗ്ലാവ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ടെൻഡറടക്കം മറ്റു നടപടി ക്രമങ്ങൾ വഴി ഉണ്ടാകാവുന്ന കാലത്താമസം ഒഴിവാക്കാൻ കളക്ടർ തന്നെ ചെയർമാനായ നിർമ്മിതി കേന്ദ്രത്തിനാണ് മോടിപിടിപ്പിക്കൽ ചുമതല നൽകിയിരിക്കുന്നത്. നിർമിതി കേന്ദ്രത്തിന് ചുമതല നൽകണമെന്നാവശ്യപ്പെട്ട് കളക്ടർ വി.വിഗ്‌നേശ്വരി റവന്യു മന്ത്രി കെ.രാജന് കത്ത് നൽകിയത് 2023 നവംബർ 15നാണ്. മന്ത്രിയുടെ ഉത്തരവ് ഇറങ്ങിയത് 2023 ഡിസംബർ ഒന്നിന്. 2023-24 വർഷത്തെ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം. കളക്ടർ മാറി മാറി വരുമ്പോൾ പി.ഡബ്ല്യു.ഡി അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. അതിൽ മാറ്റം വരുത്തി കളക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പുതിയ പ്ലാൻ അനുസരിച്ചാണ് മോടി പിടിപ്പിക്കലെങ്കിലും 84 ലക്ഷം രൂപയെന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. കളക്ടറും പ്രതികരിക്കുന്നുമില്ല. സർക്കാർ ലൈഫ് പദ്ധതിയിൽ 85 ലക്ഷം രൂപയ്ക്ക് 21 പേർക്ക് വീടുവച്ചു നൽകാം. സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി കോട്ടയത്ത് പല വീടുകളും പണി പൂർത്തിയാക്കാനാവാതെ കിടക്കുകയാണ്.
എതിർപ്പുമായി ഉദ്യോസ്ഥർ
പഴയ അടുക്കള മാറ്റി ആധുനിക അടുക്കളയും കായിക പരിശീലനത്തിനുള്ള സൗകര്യവും മറ്റും മോടിപിടിപ്പിക്കലിൽ ഉണ്ടെന്നറിയുന്നു. പി.ഡബ്ല്യു.ഡിയെ ഒഴിവാക്കിയുള്ള നിർമ്മാണത്തിൽ എതിർപ്പു പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർ ഇത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.