കോട്ടയം: നവകേരളനിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് പാലായിൽ സെമിനാർ സംഘടിപ്പിക്കും. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ഡിസംബർ ഒമ്പതിന് രാവിലെ 10 മുതൽ നടക്കുന്ന സെമിനാർ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രളയരഹിത പാലാ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. പാലാ ആർ.ഡി.ഒ. പി.ജി.രാജേന്ദ്രബാബു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്ജ്, പാലാ നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സോവിയോ കാവുകാട്ട് എന്നിവർ പങ്കെടുക്കും. 10.45ന് ആരംഭിക്കുന്ന സാങ്കേതിക സെഷനിൽ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം കെ.ആർ. ബൈജു ,പ്രൊഫ. ലോപ്പസ് മാത്യു ഡോ. എസ്. അഭിലാഷ്,ഡോ. മഹേഷ് മോഹൻ, കെ. ശ്രീകല എന്നിവർ വിഷയാവതരണം നടത്തും.