
കോട്ടയം : പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ ഉള്ളം തണുപ്പിക്കാൻ പാതയോരങ്ങളിൽ ഇളനീർ വില്പന സജീവമായി. മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല. കരിക്കും, കരിമ്പിൻ ജ്യൂസുമാണ് വിപണി കീഴടക്കിയിരിക്കുന്നത്. നഗരത്തിലെ ഫ്രൂട്സ് കടകളിലെയും പ്രധാന ഐറ്റമാണ് കരിക്കുകൾ. കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ആളുകൾക്ക് ഇളനീരിനോടും, കരിമ്പിൻ ജ്യൂസിനോടും താത്പര്യം വർദ്ധിക്കാൻ കാരണം. മിക്കവരും വീടുകളിൽ നിന്ന് സഞ്ചികൾ കൊണ്ടുവന്ന് കരിക്കും, ചിലർ പാത്രങ്ങളുമായി വന്ന് കരിക്കിൻ വെള്ളവും കൊണ്ടുപോകാറുണ്ടെന്നും വഴിയോര കച്ചവടക്കാർ പറയുന്നു. നാടൻ കരിക്കിന് 50 ഉം, കരിമ്പിൻ ജ്യൂസിന് 30 രൂപയുമാണ് വില. ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നും പാലക്കാടൻ കരിക്കുകളും വിപണിയിലെത്തുന്നുണ്ട്. പാലക്കാട്ട് നിന്നാണ് കരിമ്പുകൾ എത്തുന്നത്. ആവശ്യത്തിനുള്ള കരിമ്പെടുത്ത് മെഷീനിലിട്ട് നീര് ഊറ്റി തയ്യാറാക്കുന്ന കരിമ്പിൻ ജ്യൂസ് ഫ്രഷ് ആയി ലഭിക്കുമെന്ന പ്രത്യേകതയാണ് ആകർഷണം.
കരിക്കിന്റെ ഗുണങ്ങൾ.
പ്രതിരോധശേഷി കൂട്ടും
തടി കറയ്ക്കാൻ നല്ലത്
കിഡ്‌നി ശുദ്ധീകരിക്കും
ത്വക്ക് രോഗം കുറയ്ക്കും
വയറ് ശുദ്ധീകരിക്കും
''വരും മാസങ്ങളിൽ ചൂട് കൂടുന്നതോടെ തണ്ണീമത്തൻ,കൈതച്ചക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടവും തകൃതിയാകും.
(കച്ചവടക്കാർ).
പഴങ്ങൾക്കും പൊള്ളും വില
ചൂടിന്റെ കാഠിന്യമേറിയതോടെ പഴങ്ങൾക്കും വില വർദ്ധിച്ചു. പഴങ്ങളുടെ സീസൺ സമയം കൂടിയാണിത്. മഹാരാഷ്ട്ര, ബംഗളൂരു, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ കൂടുതലും ഇറക്കുമതി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, പേരയ്ക്ക എന്നിവയാണ് വിപണിയിൽ ലഭ്യമാകുന്നത്.
വില ഇങ്ങനെ
ആപ്പിൾ : 180
ഓറഞ്ച് : 80
മുന്തിരി (സീഡ്) : 100
മുന്തിരി സീഡ്‌ലെസ് : 240
പൈനാപ്പിൾ : 50
തണ്ണിമത്തൻ : 30
പപ്പായ : 50
ഞാലിപ്പൂവൻ : 80
മലേഷ്യൻ പേരയ്ക്ക : 100