jubilee

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് മാതാവിന്റെ തിരുസ്വരൂപം ഇന്നലെ രാവിലെ 11 മണിയോടെ ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു. നേർച്ച കാഴ്ചകൾ അർപ്പിക്കാനും തിരുസ്വരൂപത്തിൽ മാല ചാർത്താനുമൊക്കെയായി വിശ്വാസികളുടെ വൻതിരക്കായിരുന്നു. മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് ഫാ. ജോസ് കാക്കല്ലിൽ നേതൃത്വം നൽകി.

വൈകിട്ട് വിശുദ്ധ കുർബാനയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം നടന്നു. കത്തീഡ്രലിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലിൽ ലദീഞ്ഞിനുശേഷം പുത്തൻപള്ളിയിൽ നിന്ന് ബൈപാസ് വഴി മർത്തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനിൽ സംഗമിച്ച് സന്തോം കോംപ്ലക്‌സിലേക്ക് നീങ്ങി.

സന്തോം കോംപ്ലക്‌സിൽ നടന്ന ലദീഞ്ഞിന് ഫാ. ജോസഫ് മുത്തനാട്ട് കാർമ്മികത്വം വഹിച്ചു. ഫാ. മാത്യു കക്കാട്ടുപിള്ളിൽ സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം ടൗൺ കുരിശുപള്ളിയിലേക്ക് നീങ്ങി. സമാപന പ്രാർത്ഥനയും ആശീർവാദവും നടന്നു.

ഇന്ന് പ്രസിദ്ധമായ പട്ടണ പ്രദക്ഷിണം

പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 ന് കുർബാന, 8 ന് പാലാ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി, 10 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നയിക്കുന്ന വിശുദ്ധ കുർബാന, 11.45 ന് സെന്റ് തോമസ് സ്‌കൂളിൽ നിന്നും ആരംഭിക്കുന്ന ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, 12.45 ന് ടൂവീലർ ഫാൻസിഡ്രസ് മത്സരം, 1.30 ന് ബൈബിൾ ടാബ്ലോ മത്സരം എന്നിവയുണ്ട്.

വൈകിട്ട് 4 നാണ് പ്രസിദ്ധമായ പട്ടണപ്രദക്ഷിണം നടക്കുന്നത്. ളാലം പഴയപള്ളി, മാർക്കറ്റ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ വഴി മണർകാട് റോഡിലൂടെ ടി.ബി. റോഡിലുള്ള പന്തലിൽ എത്തുന്ന പ്രദക്ഷിണം ന്യൂബസർ റോഡിലുള്ള പന്തൽ കടന്ന് കട്ടക്കയം റോഡിലുള്ള പന്തലിലെത്തി അവിടെ നിന്ന് ളാലം പഴയപാലം ജംഗ്ഷനിലേക്ക് പ്രദക്ഷിണം നീങ്ങും. 7.45 ന് പ്രധാന വീഥിയിലൂടെ പ്രദക്ഷിണം അമലോത്ഭവ കുരിശുപള്ളിയിലേക്ക് നടക്കും. പ്രദക്ഷിണം എത്തിച്ചേർന്ന ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദം, സമ്മാനദാനം എന്നിവയുണ്ട്.

നാളെ രാവിലെ 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയിൽ പുനപ്രതിഷ്ഠിക്കുന്നതോടെ ജൂബിലി പെരുന്നാളിന് സമാപനമാകും.