
പാലാ: ജൂബിലിയാഘോഷത്തിന്റെ തിമിർപ്പിലും നടുവൊടിയാതെ വഴിനടക്കാൻ വയ്യാത്ത പാലാ നഗരം. ജൂബിലി നാളിൽ ജനസഞ്ചയം ഒഴുകുന്ന ടി.ബി. റോഡും കൂട്ടിയാനി റോഡും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടി സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ഇന്നലെ ഒറ്റയാൾ സമരം നടത്തി. ടി.ബി. റോഡിലെ കുഴിയിലിരുന്നുകൊണ്ടായിരുന്നു ജോയിയുടെ വ്യത്യസ്തമായ സമരം.
''എല്ലാവർക്കും ജൂബിലിയാശംസകൾ... കുഴിയിൽവീണ് പരിക്കേൽക്കാതെ പോവുക'' എന്നെഴുതിയ പ്ലക്കാർഡും ഉയർത്തിപ്പിടിച്ചായിരുന്നു ജോയിയുടെ വേറിട്ട സമരം.
കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്‌സൺ ഇതുവഴി കടന്നുപോയപ്പോൾ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയതാണെന്ന് ജോയി പറയുന്നു. നന്നാക്കാമെന്ന പതിവു മറുപടി മാത്രമേ അന്നുമുണ്ടായുള്ളൂ. സ്ഥലം വാർഡ് കൗൺസിലറാകട്ടെ പ്രധാനപ്പെട്ട രണ്ട് റോഡുകൾ തകർന്നുകിടന്നിട്ടും ഇത് നന്നാക്കാൻ ചെറുവിരൽ അനക്കുന്നില്ലെന്നും പാലാ പൗരാവകാശ സമിതി കുറ്റപ്പെടുത്തുന്നു.
ടി.ബി. റോഡ് ക്ഷേത്രങ്ങളിലേക്കും വിവിധ സ്‌കൂളുകളിലേക്കുമുള്ള പ്രധാന പാതയാണ്. മാത്രമല്ല മാദ്ധ്യമ ഓഫീസുകളുൾപ്പെടെ വിവിധ ഓഫീസുകളും ഈ റോഡിൽ പ്രവർത്തിക്കുന്നുണ്ട്. ആൽത്തറ ശ്രീരാജ രാജ ഗണപതി ക്ഷേത്രം മുതൽ മെയിൻ റോഡ് വരെയുള്ള ഭാഗം ആകെത്തകർന്ന മട്ടിലാണ്.
കൂട്ടിയാനി റോഡിന്റെ സ്ഥിതി ഇതിലും പരിതാപകരമാണ്. മെയിൻ റോഡിൽ നിന്ന് റിവർവ്യൂ റോഡിലേക്കും തിരിച്ചും ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ നിരവധിപേർ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. കാർഷിക മാർക്കറ്റ്, വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവയും ഈ റോഡുവക്കിൽ പ്രവർത്തിക്കുന്നു. റോഡിലെ കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ മറിയുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണെങ്കിലും നഗരസഭാ അധികാരികൾ ഇതൊന്നും കണ്ടമട്ടില്ലെന്ന് പൗരാവകാശ സമിതി നേതാക്കൾ പറയുന്നു.
തുടർ സമരം നഗരസഭയുടെ മുന്നിലേക്ക് മാറ്റും
രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാറ്റാൻ പാലാ പൗരാവകാശ സമിതിയോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. അജി, എസ്. ഷമൽ, കുര്യാച്ചൻ കൊട്ടാരത്തിൽ, മാത്തുക്കുട്ടി, ജോമോൻ ജോയി തുടങ്ങിയവർ സംസാരിച്ചു.