കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന കോട്ടയം നിയോജകമണ്ഡലത്തിലെ നവകേരളസദസിനോട് അനുബന്ധിച്ചുള്ള ഒരുക്കം അവസാനഘട്ടത്തിൽ. പൊളിച്ചു മാറ്റിയ തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്റ് നിരപ്പാക്കി പന്തൽ നിർമ്മിച്ചു. കൊടി തോരണങ്ങളും സ്വാഗത കമാനങ്ങളും ഉയർന്നുതുടങ്ങി. കളക്ടർ വിഗ്നേശ്വരി, പൊലീസ് മേധാവി കെ.കാർത്തിക് എന്നിവർ സ്ഥല പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തി.

13 ന് തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ നടത്തുന്ന നവകേരള സദസിൽ പരാതി പരിഹാരത്തിനായി 25 കൗണ്ടറുകൾ സ്ഥാപിക്കും. പൊതുജനങ്ങളുടെ സൗകര്യാർത്ഥം സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും കൗണ്ടറുകളൊരുക്കും. കൗണ്ടറിനു സമീപം കാത്തിരിപ്പിനുള്ള സൗകര്യവും ഒരുക്കും. ഹരിതചട്ടം പൂർണമായും പാലിച്ചായിരിക്കും നവകേരളസദസ് സംഘടിപ്പിക്കുക. പരിസരത്ത് ആവശ്യമായ കുടിവെള്ളവും സജ്ജീകരിക്കും. മാലിന്യസംസ്‌കരണത്തിനായി 30 ഹരിതകർമ്മസേനാംഗങ്ങളെയും കണ്ടിജന്റ് ജീവനക്കാരെയും നിയോഗിക്കും. 10 ടോയ്ലറ്റുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു വിഭാഗത്തെയും വിന്യസിക്കും. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി 674 വീട്ടുമുറ്റ സദസുകൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം 1000 വീട്ടുമുറ്റസദസുകൾ പൂർത്തീകരിക്കും. പൗര പ്രമുഖർ പങ്കെടുക്കുന്ന പ്രഭാത യോഗം കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിലാണ്. ഇവിടുത്തെ ക്രമീകരണം കളക്ടർ വിലയിരുത്തി.