കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. പൊതു ജനങ്ങൾക്കുള്ള കുടിവെള്ളസൗകര്യം, പരാതി പരിഹാര കൗണ്ടറുകളുടെ സജ്ജീകരണം, ഗതാഗത സംവിധാനം, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, വേദിയിലെ സജ്ജീകരണങ്ങൾ എന്നിവ വിലയിരുത്തി. ഫയർഫോഴ്‌സ്, ആംബുലൻസ്, മെഡിക്കൽ സംവിധാനം എന്നിവ പ്രത്യേകമൊരുക്കാനും ജില്ലാ കളക്ടർ ഉദ്യാഗസ്ഥർക്ക് നിർദേശം നൽകി. ഏറ്റുമാനൂർ ബൈപാസിൽ ഒരുക്കുന്ന പാർക്കിംഗ് സംവിധാനങ്ങളും കളക്ടർ ആരാഞ്ഞു. ഏറ്റുമാനൂരിലെ വേദിയായ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ മൈതാനവും സന്ദർശിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും സംഘാടകസമിതി ജനറൽ കൺവീനറുമായ ബിനു ജോൺ, സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.എൻ. വേണുഗോപാൽ, പ്രചാരണ കമ്മിറ്റി ചെയർമാൻ ബി.വൈ. പ്രസാദ്, മീഡിയ സബ് കമ്മിറ്റി ചെയർമാൻ എം.എസ്. സാനു, ബി.ഡി.ഒ. രാഹുൽ ജി. കൃഷ്ണൻ, സബ് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.