പാലാ: ഡിസം 12 ന് വൈകുന്നേരം പാലായിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിൽ നിവേദനങ്ങൾ സമർപ്പിക്കുവാനെത്തുന്നവർക്ക് പരമാവധി ക്യൂ ഒഴിവാക്കുന്നതിനായി 25 കൗണ്ടറുകൾ നഗരസഭാ സ്റ്റേഡിയത്തിൽ ക്രമീകരിക്കും.
വയോജനങ്ങൾക്കും അംഗ പരിമിതർക്കും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാവും.
ഇരിപ്പിട സൗകര്യങ്ങളോടെയാണ് നിവേദനശേഖരണ കേന്ദ്രങ്ങൾ സജ്ജീകരിക്കുക. കുടിവെള്ളവും വിതരണം ചെയ്യും.
നിവേദനങ്ങളും മറ്റ് അപേക്ഷകളും നൽകുന്നതിനായുള്ള നിർദ്ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ വിഷയങ്ങൾക്കും ആവശ്യങ്ങൾക്കും പ്രത്യേക അപേക്ഷയാണ് ഉണ്ടാവേണ്ടത്. മുഖ്യമന്ത്രിയുടേയോ മറ്റു മന്ത്രിമാരുടേയോ പേരിൽ അപേക്ഷ നൽകാം.
തപാൽ പിൻകോഡ് നമ്പർ ചേർത്തുള്ള കൃത്യമായ വിലാസവും ഫോൺ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷയിൽ ഉണ്ടായ തുടർനടപടികൾ ഫോൺ സന്ദേശത്തിലൂടെയാണ് ലഭ്യമാക്കുക.
മുൻപ് നൽകിയ അപേക്ഷ സംബന്ധിച്ചുള്ളതാണെങ്കിൽ ലഭിച്ച ഫയൽ നമ്പർ കൂടി ഉൾപ്പെടുത്തണം.
ഭിന്നശേഷിക്കാർക്കും രോഗികൾക്കും അപക്ഷകൾ സഹായി വഴിയും സമർപ്പിക്കാം.
ചികിത്സാ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ആവശ്യമായ കുറിപ്പടികളും ആശുപത്രി രേഖകളും ഉൾപ്പെടുത്തേണ്ടതുണ്ട്.

നവകേരള സദസിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ യോഗങ്ങൾ ജനറൽ കൺവീനർ പാലാ ആർ.ഡി.ഒ.പി.ജി.രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ താലൂക്ക് തല മേധാവികളും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.
സിജി പ്രസാദ്, ആന്റോ പടിഞ്ഞാറേക്കര, സാവിയോ കാവുകാട്ട്, ഷാർജി മാത്യു, ജയ്‌സൺ മാന്തോട്ടം, ജോർജ്കുട്ടി ജേക്കബ്, ബി.മജ്ജിത്ത് എന്നിവരും പങ്കെടുത്തു.