
വൈക്കം: വൈക്കത്തപ്പന് മുക്കുടി നിവേദ്യം നടത്തി. വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന ചടങ്ങായ മുക്കുടി നിവേദ്യം ഇന്നലെ ഉച്ചപൂജയുടെ പ്രസന്ന പൂജക്കാണ് വൈക്കത്തപ്പന് നിവേദിച്ചത്.
ഉൽസവ സമയത്ത് നിത്യനിദാനം ഉൾപ്പെടെയുള്ള പൂജ സംവിധാനങ്ങളിൽ വന്ന് പെട്ടേക്കാവുന്ന അസുഖത്തിന് പ്രതിവിധിയായി വൈക്കത്തപ്പന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി.
തൃശൂർ വടക്കാഞ്ചേരി കുമരനെല്ലൂർ കൂട്ടൻചേരിൽ ശ്രീകുമാർ മൂസതിന്റെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധക്കൂട്ട് ഉൽസവ സമയത്ത് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ ഔഷധക്കൂട്ട് ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് സമർപ്പിച്ചത്. പിന്നീട് അത് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു.
ദർശനം നടത്തിയത് 2 ലക്ഷം പേർ
വൈക്കം: വൈക്കത്ത് അഷ്ടമി ദർശനം നടത്തിയത് 2 ലക്ഷം പേർ. വൈക്കത്തഷ്ടമി നാളിൽ രണ്ടു ലക്ഷത്തിലധികം ഭക്തർ ക്ഷേത്ര ദർശനം നടത്തിയതായി ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. മുരാരി ബാബു അറിയിച്ചു. വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലിൽ ഏകദേശം 15000 ഭക്തർ പങ്കെടുത്തു. 70 വയസ് പൂർത്തിയായവർക്ക് പ്രാതലിൽ പങ്കെടുക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. കൂടുതലായി തയ്യാറാക്കിയ അലങ്കാര പന്തലും ബാരിക്കേഡുകളും ഭക്തർക്ക് സഹായകരമായി.
മന്ത്രി വാസവന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനം അഷ്ടമി ഭംഗിയാക്കുന്നതിന് സഹായകരമായി.