mla

വൈക്കം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ 11ന് വൈക്കത്ത് വിളംബര ജാഥയും ഫ്യൂഷൻ തിരുവാതിര മത്സരവും സംഘടിപ്പിക്കും. പഞ്ചായത്തുതലത്തിൽ നടന്നുവരുന്ന വിളംബര ജാഥകൾ പൂർത്തീകരിച്ചാണ് വൈക്കത്ത് പരിപാടി നടത്തുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വാദ്യമേളങ്ങളും വർണക്കുടകളുമായി വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന വിളംബര ജാഥ സി.കെ ആശ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് ഫ്യൂഷൻ തിരുവാതിര മത്സരം അരങ്ങേറും. വൈകിട്ട് ഏഴിന് തിരുവാതിര, ക്വിസ്, ഉപന്യാസം, സെൽഫി, പോസ്റ്റർ മത്സരവിജയികൾക്ക് സമ്മാനവും നൽകും. 12ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും നവകേരള ദീപം തെളിയിക്കും.
നിയോജകമണ്ഡലത്തലാകെ ഇതുവരെ 750 കുടുംബസദസുകൾ പൂർത്തീകരിച്ചു. 14ന് വൈക്കം ബീച്ചിൽ നടക്കുന്ന നവകേരള സദസിൽ 15000 പേർ പങ്കെടുക്കുമെന്ന് അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സി.കെ ആശ എം.എൽ.എ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, നവകേരള സദസ് സംഘാടകസമിതി ജനറൽ കൺവീനർ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സി. എൻജിനീയർ പി.ശ്രീലേഖ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നവകേരള സദസിന്റെ സംഘാടകസമിതി ഓഫീസ് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 14ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കത്തെ നവകേരള സദസ്.