വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ചെമ്പിലരയൻ ജലോത്സവം 17ന് ഉച്ചകഴിഞ്ഞ് ഒന്നിന് മുറിഞ്ഞപുഴയിൽ നടക്കും. ചെറുതും വലുതുമായ 22 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മുറിഞ്ഞപുഴയിലെ പഴയ പാലത്തിലാണ് പവലിയനും വിശിഷ്ടാതിഥികൾക്കുള്ള ഇരിപ്പിടവും പാസ് മുഖേനയുള്ള പ്രവേശനവും ഒരുക്കുന്നത്. വൈക്കം വിശ്വൻ എക്‌സ്. എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ജലോത്സവം ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഫ്‌ളാഗ് ഓഫ് ചെയ്യും. തോമസ് ചാഴികാടൻ എം.പി, സി.കെ ആശ എം.എൽ.എ, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മുൻമന്ത്രി പി.സി ചാക്കോ, സാഹിത്യപ്രവർത്തകസഹരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ, മുൻ എം.എൽ.എ കെ. അജിത്ത്, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, ആഭ്യന്തരവകുപ്പ് ഉപദേശകസമിതി അംഗം പി.എൻ സുകുമാരൻ, ഫാ. വർഗീസ് മാമ്പള്ളി, ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് ക്യാപ്റ്റൻ കെ.ജെ പോൾ, എന്നിവർ പങ്കെടുക്കും. ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഡുകൾ തോറും മെമ്പർമാരും കുടുംബശ്രീയും ചേർന്ന് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി സുരേഷ് ബാബു, ജനറൽ കൺവീനർ കെ.കെ രമേശൻ, ട്രഷറർ കെ.എസ് രത്‌നാകരൻ, ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്, പി.എ രാജപ്പൻ, അബ്ദുൽ ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.