
കോട്ടയം : പകൽ കടുത്ത ചൂട്, പുലർച്ചെ തണുപ്പ്, ഇടയ്ക്ക് പെയ്യുന്ന മഴ...വിചിത്ര കാലാവസ്ഥയിൽ പകർച്ചവ്യാധികളും പിടിമുറുക്കുകയാണ്.
ജലദോഷം, തൊണ്ടയടപ്പ് തുടങ്ങിയവ ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വൈറൽപ്പനിയ്ക്കൊപ്പം, ഡെങ്കിപ്പനിയും, എലിപ്പനിയും വ്യപകമാണ്. ദിവസവും പത്തിലധികം ആളുകളാണ് ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നത്. ഇടവിട്ടു മഴ പെയ്യുന്ന സാഹചര്യത്തിൽ രോഗം വ്യാപിക്കാൻ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊതുക് കടിയേൽക്കാതെയിരിക്കുകയാണ് മുൻകരുതൽ. ചൂടും തണുപ്പും ഒരുപോലെ ഏൽക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും.
സ്വയം ചികിത്സ ഒഴിവാക്കി പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കണം. ഉപ്പുചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ നല്ലതാണ്.
ആഘോഷ പരിപാടികൾ ഒഴിവാക്കാം
കഠിനമായ ചുമ, പനി തുടങ്ങിയ രോഗങ്ങളുള്ളവർ പൊതുചടങ്ങുകൾ, ആഘോഷ പരിപാടികൾ എന്നിവിടങ്ങളിൽ നിന്നുവിട്ടുനിൽക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്നു ചികിത്സ തേടണം. വിദ്യാർത്ഥികളുടെ ആരോഗ്യം ഉറപ്പാക്കാൻ അദ്ധ്യാപകരും പി.ടി.എയും പ്രത്യേക ശ്രദ്ധിക്കണം. പനിയും ജലദോഷവും ബാധിച്ച കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്. മെഡിക്കൽ കിറ്റുകൾ സ്‌കൂളുകളിൽ സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
ചൂട് 35.2 ഡിഗ്രി
ഇന്നലെ ജില്ലയിലെ ഉയർന്ന താപനില 35.2 ഡിഗ്രി. ചൂടിൽ കോഴിക്കോടിനൊപ്പം കോട്ടയവും രണ്ടാംസ്ഥാനത്തായിരുന്നു. നിലവിൽ, ഇതാണ് ചൂടെങ്കിൽ വരാനിരിക്കുന്ന വേനലിൽ അവസ്ഥ എന്താകുമെന്ന് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇന്നും നാളെയും മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം പനി ബാധിച്ചത് : 531 പേർക്ക്
എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തര വൈദ്യസഹായം തേടണം. ഉറവിട നശീകരണം നടത്തണം.
-ആരോഗ്യവകുപ്പ് അധികൃതർ