
മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പഞ്ചായത്തിന്റെ ജനവാസ മേഖലകളായ തെക്കേമല, കാനമല, മതമ്പ മേഖലയിൽ കാട്ടാനശല്യം ഭീതി വിതയ്ക്കുന്നു. കഴിഞ്ഞദിവസം 15 ഓളം കാട്ടാനകൾ കൂട്ടമായെത്തി കൃഷികൾ നശിപ്പിച്ചു. പ്രദേശവാസികൾ ചേർന്ന് ശബ്ദമുണ്ടാക്കി ആനകളെ ജനവാസ മേഖലയിൽ നിന്ന് തുരത്തി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി. കഴിഞ്ഞ ഒരു വർഷമായി ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ അതിർത്തി മേഖലകളായ ചെന്നാപ്പാറ, മതമ്പ, തെക്കേമല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യമുണ്ട്. വനത്തിലേക്കു കയറ്റി വിട്ടാലും രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്. ആയിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്നയിടമാണ് തെക്കേമല. കൂടുതലും ആളുകൾ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.
കൃഷി ഉപേക്ഷിച്ച് കർഷകർ
ആനശല്യം രൂക്ഷമായതോടെ പല കർഷകരും കൃഷി പൂർണമായും ഉപേക്ഷിക്കുകയാണ്. എന്നാൽ മറ്റ് ഉപജീവനമാർഗമില്ലാത്തതിനാൽ പല കുടുംബങ്ങളും ദുരിതത്തിലാണ്. മതമ്പ, ചെന്നപ്പാറ, തെക്കേമല, കാനമല മേഖലയിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിച്ച് നിൽക്കുകയാണ്. കൃഷിയെയും, കർഷകരെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.