ksrtc

കോട്ടയം : കെ.എസ്.ആർ.ടി.സി കോട്ടയം - പമ്പ ശബരിമല സ്‌പെഷ്യൽ സർവീസുകൾ ബഹിഷ്‌കരിക്കാനൊരുങ്ങി ജീവനക്കാരുടെ യൂണിയനുകൾ. ഇതുസംബന്ധിച്ച് സി.ഐ.ടി.യു, ബി.എം.എസ്, ഐ.എൻ.ടി.യു.സി യൂണിയനുകൾ അധികൃതർക്ക് കത്ത് നൽകി. വർഷങ്ങളായി സ്‌പെഷ്യൽ സർവീസിൽ ജീവനക്കാർക്ക് നൽകി വന്നിരുന്ന ഡ്യൂട്ടിയും അലവൻസും ഏകപക്ഷീയമായി വെട്ടിക്കുറച്ചതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. പമ്പ സ്‌പെഷ്യൽ ഓഫീസറുടെ നിർദ്ദേശാനുസരണമാണ് ഇന്നലെ മുതൽ ഇവ വെട്ടിക്കുറച്ചതെന്നാണ് ഡിപ്പോ അധികൃതർ നൽകുന്ന വിശദീകരണം. കോട്ടയം - എരുമേലി - പമ്പ സർവീസ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരുമ്പോൾ മൂന്ന് ഡ്യൂട്ടിയും 110 രൂപ സ്‌പെഷ്യൽ അലവൻസുമാണ് വർഷങ്ങളായി നൽകിയിരുന്നത്. എന്നാൽ ഇത് രണ്ട് ഡ്യൂട്ടിയായി കുറച്ചു. ഒരു റൗണ്ട് പോയി വരാൻ ഏകദേശം 18 മുതൽ 20 മണിക്കൂർ വരെ സമയമെടുക്കും. 36 മണിക്കൂറോളം ജോലി ചെയ്താൽ മാത്രമാണ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരാൻ കഴിയുക. എരുമേലി മുതൽ പമ്പ വരെയുള്ള ഗതാഗത കുരുക്കും, അയ്യപ്പഭക്തർ ദീപാരാധനയ്ക്ക് ശേഷം മലയിറങ്ങി വരുന്നതുവരെ കാത്തുകിടക്കേണ്ടി വരുന്നതുമാണ് ഇതിനു കാരണം.
2016 ൽ പമ്പ സ്‌പെഷ്യൽ സർവീസ് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഇറക്കിയ ഓർഡറാണ് ഇപ്പോഴും നിലനിൽക്കുന്നത്.

കുത്തഴിഞ്ഞ നിലയിൽ
പമ്പ സർവീസ് നിലവിൽ കുത്തഴിഞ്ഞ രീതിയിലാണെന്നും ഇതിനു പ്രധാന കാരണം ഡിപ്പോ അധികൃതരുടെ അലംഭാവം ആണെന്നും യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഡ്രൈവറെ കോട്ടയം റെയിൽവേ സ്റ്റേഷനുള്ളിൽ വച്ച് ഓട്ടോ ഡ്രൈവർമാർ മർദ്ദിച്ചിരുന്നു. സുരക്ഷിതമായി സർവീസ് നടത്താൻ സാഹചര്യം ഒരുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.