പാലാ: പൗരസ്ത്യ സഭയിലെ തിളങ്ങുന്ന മാണിക്യമായിരുന്നു സ്ഥാനത്യാഗം ചെയ്ത മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലായിൽ ജൂബിലി തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതിനിടയിലാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മേജർ ആർച്ച് ബിഷപ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തെക്കുറിച്ച് പറഞ്ഞത്.
സഭയെ ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു ആലഞ്ചേരി പിതാവിന്റേത്. ലാളിത്യവും വിനയവും സ്‌നേഹവും മുഖമുദ്രയാക്കിയ കർദ്ദിനാൾ എല്ലാവരെയും കൂട്ടിയോജിപ്പിക്കാനാണ് പരിശ്രമിച്ചത്. വിശുദ്ധ കുർബാനയുടെ പ്രധാന്യമുൾക്കൊണ്ട് പാരമ്പര്യത്തെ നിലനിർത്തി മുന്നോട്ടു പോകണമെന്നാണ് സിനഡ് തീരുമാനിച്ചത്. സമ്പൂർണ്ണ ഐക്യം വിശുദ്ധ കുർബാനയിലൂടെ എന്ന പരിശുദ്ധ പിതാവിന്റെ സന്ദേശത്തോട് ഒത്തുചേർന്നു നിൽക്കുകയാണു വേണ്ടത്. അതിൽ എതിർപ്പു പ്രകടിപ്പിച്ചവർക്കുള്ള താക്കീതു കൂടിയാണ് മാർ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗമെന്നും ബിഷപ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.