velm

കറുകച്ചാൽ : കടുത്തവേനക്കാലം എത്തുന്നതിന് മുൻപേ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പാണ്ടിയാംകുഴി നിവാസികൾ. പ്രദേശത്തെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ജലവിതരണ വകുപ്പിന്റെ പൈപ്പുകളാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പലരും വൻതുക മുടക്കി വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. നിർദ്ധന കുടുംബങ്ങൾക്ക് പോലും വരുമാനത്തിന്റെ നിശ്ചിത ഭാഗം കുടിവെള്ളം വാങ്ങാൻ ഉപയോഗിക്കേണ്ട ഗതികേടാണ്. കടുത്ത വേനൽക്കാലങ്ങളിൽ വെള്ളത്തിന്റെ വില ഇരട്ടിയാകും. ശുദ്ധത ഉറപ്പുവരുത്താനും സംവിധാനമില്ല. പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയം ജലവിതരണ വകുപ്പിന്റെ കുടിവെള്ളമാണ്.

3500 ലിറ്റർ വെള്ളം : 800 രൂപ

പരാതി ഒലിച്ചു പോയി
മുണ്ടത്താനത്തെ പമ്പ്ഹൗസിൽ നിന്നാണ് മേഖലയിലേക്ക് വെള്ളമെത്തിയിരുന്നത്. മുൻപ് മുടക്കമില്ലാതെ മാസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും വെള്ളം കിട്ടിയിരുന്നതായിരുന്നെന്ന് ഇവർ പറയുന്നു. ഇത് സംബന്ധിച്ച് പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പ്രദേശത്തെ മിക്ക വീടുകളിലും കിണറില്ല. ഉള്ള കിണറുകൾ നേരത്തെ വറ്റും. നിരവധി കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നുണ്ടെങ്കിലും ഇവർക്ക് പ്രയോജനം ലഭിക്കുന്നില്ല.

കുടിവെള്ളവിതരണം കൃത്യമാക്കി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണം. എത്ര നാൾ വില കൊടുത്ത് വെള്ളം വാങ്ങാനാകും.

പ്രദേശവാസികൾ