urea

കോട്ടയം : പുഞ്ചക്കൃഷി ആരംഭവേളയിൽ യൂറിയക്ഷാമം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിൽ. നെൽകൃഷി കൂടാതെ കൈത, കപ്പ, വാഴ, റബർ എന്നിവയ്ക്കാണ് യൂറിയ കൂടുതലായി ഉപയോഗിക്കുന്നത്. അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിയ്ക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. ഇത് കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്. സബ്‌സിഡി പ്രകാരം നിലവിൽ 266 രൂപയാണ് യൂറിയായുടെ വില. ഒരു ചാക്ക് യൂറിയയ്ക്ക് 2400 രൂപയാണ് സബ്‌സിഡി ഇല്ലാതെ വില. പൊട്ടാഷ് 1700 രൂപ, ഡി.എ.പി 1200 രൂപ, ഫാക്ടംഫോസ് 1250 രൂപ, മിക്‌സ്ഡ് വളം 1260 രൂപ എന്നിങ്ങനെയാണ് വില.

കടത്ത് വ്യാപകമെന്ന്
മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് യൂറിയ കടത്ത് വ്യാപകമാണ്. പെരുമ്പാവൂരിലേക്കാണ് കൂടുതലായി കൊണ്ടു പോകുന്നത്. ഒരാൾക്ക് അമ്പതു ചാക്ക് വളം വരെ നിലവിൽ സബ്‌സിഡി നിരക്കിൽ ലഭിക്കും. എൻ.പി.കെ അടിസ്ഥാനത്തിലാണ് വളപ്രയോഗം നടത്തേണ്ടതെങ്കിലും യൂറിയ മാത്രം അമ്പത് ചാക്ക് വാങ്ങിയാണ് കടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ വളങ്ങൾ കൊണ്ടുവരുന്നത്. ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ കൂട്ടുവളങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ഇവ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്.

കീടനാശിനി വിലയും ഉയർന്നു

കീടനാശിനികളുടെ വിലയിലും വർദ്ധനവുണ്ടായി. തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി കൃഷികൾക്കായി കർഷകർ കീടനാശിനി വാങ്ങാറുണ്ട്. വില കൂടിയതോടെ ഇതിൽ നിന്ന് പിന്തിരിയാൻ പലർക്കും താത്പര്യമുണ്ടെങ്കിലും കീടശല്യം ഉത്പാദനം കുറയ്ക്കാനിടയാക്കുമെന്നാണ് ആശങ്ക.

''കൂട്ടവളങ്ങൾ നിർമ്മിക്കുന്നതിനും യൂറിയ ആവശ്യമാണ്. നിലവിൽ ആവശ്യമായ വളങ്ങളുടെ പകുതി ലോഡ് പോലും സംസ്ഥാനത്തേയ്ക്ക് എത്താത്ത സ്ഥിതിയാണ്. കൃത്യമായ അലോട്ട്‌ന്റെ് നൽകുന്നതിൽ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും ക്ഷാമത്തിന് ഇടയാക്കുന്നു.

(എബി ഐപ്പ്, കർഷകൻ)

ഒരു ചാക്ക് യൂറിയയ്ക്ക് : 2400