
കോട്ടയം : സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം ഇരുമുന്നണികളും പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതിനെതിരെ ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും പദയാത്ര നടത്തും. എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ക്രിസ്മസ് - ഈസ്റ്റർ സന്ദേശം എത്തിക്കാൻ എല്ലാ ക്രൈസ്തവ ഭവനങ്ങളിലും 20 മുതൽ 30 വരെ പ്രവർത്തകർ സന്ദർശിക്കും. ജനുവരി രണ്ടിന് തൃശൂരിൽ നരേന്ദ്രമോദി എത്തിച്ചേരുന്ന സമ്മേളനത്തിൽ പരമാവധിപേരെ പങ്കെടുപ്പിക്കും. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധബുദ്ധിയാണ് പിണറായി സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ വൈസ് ചെയർമാന്മാരായ പി.കെ. കൃഷ്ണദാസ്, എ.പദ്മകുമാർ, ജെ.ആർ.പി സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനു, എ.ജി.തങ്കപ്പൻ, കെ.എ ഉണ്ണികൃഷ്ണൻ, തമ്പിമേട്ടുതറ, വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.